ഷി പുടിൻ കിം ടീം യുഎസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്

വാഷിങ്ടൺ: ടിയാൻമെൻ സ്ക്വയറിൽ ഇരുപത്തിയഞ്ചോളം ലോക നേതാക്കളുടെ സാന്നിധ്യത്തിൽ ചൈന നടത്തിയ വൻ സൈനിക പരേഡിന് പിന്നാലെ കടുത്ത പ്രതികരണവുമായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
''ഷീക്ക് മഹത്തായ ഒരു ദിവസം ആശംസിക്കുന്നു. നിങ്ങൾ അമേരിക്കൻ ഐക്യനാടുകൾക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിനും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു." എന്നായിരുന്നു ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയയിൽ പരിഹാസ രൂപേണ കുറിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലോടെ ഉണ്ടായ സമാധാന ഉടമ്പടിയുടെ 75 ാം വാർഷിക സ്മരണയുടെ ഭാഗമായാണ് ചൈന കൂറ്റൻ പരേഡ് സംഘടിപ്പിച്ചത്. ആണവ ശേഷിയുള്ള പുതിയ തലമുറ ബാലിസ്റ്റിക് മിസൈൽ, ഉപഗ്രഹങ്ങളെ തകർക്കാൻ കഴിവുള്ള HQ-29 ബഹിരാകാശ പ്രതിരോധ സംവിധാനം, തുടങ്ങി വൻ ആയുധ ശേഖരം ചൈന പ്രദർശിപ്പിച്ചു.
"ചൈനീസ് രാഷ്ട്രം ആക്രമണത്തെ ഭയപ്പെടാത്തതും സ്വന്തം കാലിൽ നിൽക്കുന്നതുമായ ഒരു മഹത്തായ രാഷ്ട്രമാണ്,” പരേഡിൽ പ്രസിഡന്റ് ഷി പറഞ്ഞു. 1949 ഒക്ടോബർ 1-ന് മാവോ സെദോങ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രഖ്യാപിച്ച ടിയാനൻമെൻ ഗേറ്റിൽ നിന്നായിരുന്നു വാക്കുകൾ.
ഈ പരേഡ് വീക്ഷിക്കുന്നതിന് ഇടയിലാണ് ട്രംപ് ട്രൂത്തിൽ പ്രതികരണം പോസ്റ്റ് ചെയ്തത്. പരഭവ രൂപത്തിലും പ്രതികരണം നീണ്ടു - "അധിനിവേശ ജാപ്പനീസ് സേനയെ പുറത്താക്കുന്നതില്‍ യുഎസ് നല്‍കിയ പിന്തുണയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് യുദ്ധകാല ചരിത്രം തിരുത്തിയെഴുതാനാണ് ചൈനയുടെ ശ്രമമെന്നും അതില്‍ അതൃപ്തിയുണ്ടെന്നും" ട്രംപ് പ്രതികരിച്ചു. ഒട്ടേറെ അമേരിക്കക്കാര്‍ ചൈനയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ ധീരതയും ത്യാഗവും അര്‍ഹിക്കുന്ന വിധത്തില്‍ സ്മരിക്കപ്പെടുമെന്നും ട്രംപ് കുറിച്ചു.

ഷാങ്ഹായ് കോ ഓപ്പറേഷൻ ഉച്ചകോടിക്ക് തുടർച്ചയായി ട്രംപ് സമാന പ്രതികരണം നടത്തിയിരുന്നു. തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങളുടേതാണ് എന്നുമായിരുന്നു വാക്കുകൾ. അവര്‍ ഒരിക്കലും ഞങ്ങള്‍ക്കെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കില്ല. എനിക്കുറപ്പാണ് എന്നും ട്രംപ് പറഞ്ഞു.
ട്രംപ് ബുധനാഴ്ച നടത്തിയ വിമർശനത്തിന് എതിരെ റഷ്യയുടെ പ്രതികരണവും ഉടനുണ്ടായി. വ്‌ളാഡിമിർ പുടിൻ ചൈനയുടെ ഷി ജിൻപിങ്ങുമായും ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായും യുഎസിനെതിരെ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി.
ഓസ്ട്രേലിയയിലും വിമർശനം
ചൈനയിൽ നടന്ന സൈനിക പരേഡിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർക്കൊപ്പം പോസ് ചെയ്തതിന് മുൻ വിക്ടോറിയൻ ലേബർ പ്രധാനമന്ത്രി ഡാനിയേൽ ആൻഡ്രൂസ് എതിരെ വിമർശനം ഉയർന്നു. ഓസ്‌ട്രേലിയയുടെ മുൻ വിദേശകാര്യ മന്ത്രി ബോബ് കാറും ബീജിങ്ങിൽ എത്തിയിരുന്നു.
ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ആൻഡ്രൂ ഹാസ്റ്റി ഇതിനെ സ്വേച്ഛാധിപതികൾക്കുള്ള പരേഡ് എന്ന് വിശേപ്പിച്ചു. കാറിന്റെയും ആൻഡ്രൂസിന്റെയും ചൈനയിലെ സാന്നിധ്യത്തെ വിമർശിച്ചു. "ഇത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഘോഷമാണ്," എന്നായിരുന്നു ഓർമ്മപ്പെടുത്തൽ.








0 comments