തുറന്ന യുദ്ധത്തിലേക്ക്

തെക്കൻ കുവെെത്തിലെ ജനവാസമേഖലയിൽ ഇറാൻ മിസെെൽ പതിച്ചപ്പോൾ
തെഹ്‌റാൻ: ഹോര്‍മുസ് പിടിച്ചെടുക്കാന്‍ തുടർച്ചയായ ഏഴാംദിവസവും ഇറാന്റെ ജനവാസമേഖലകളെയും അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് വ്യോമാക്രമണം രൂക്ഷമാക്കി അമേരിക്ക. മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങളിലേക്ക് ഇറാന്‍ ശക്തമായ പ്രത്യാക്രണം നടത്തി. കുവൈത്തില്‍ വന്‍ നാശനഷ്ടമുണ്ടായി.
ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ, സമുദ്ര സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്ക ആക്രമിച്ചത്. ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിലെ ബൊഞ്ചി തീരദേശ ഗ്രാമത്തിലെ വൈദ്യുതി, -കുടിവെള്ള ശുദ്ധീകരണ പ്ലാന്റിൽ മിസൈലുകൾ പതിച്ചു. ബന്ദർ അബ്ബാസ് നഗരത്തിലേക്കുള്ള പ്രധാന ഹൈവേയിലെ രണ്ട് തുരങ്കങ്ങളും പാലവും തകർന്നു. തെഹ്‌റാനിൽനിന്ന് ബന്ദർ അബ്ബാസ് തുറമുഖത്തേക്കുള്ള റെയിൽ-– റോഡ് ബന്ധങ്ങൾ വിച്ഛേദിക്കാനാണ് യുഎസ് ശ്രമം. ഖേഷ്‌മ ദ്വീപിന് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളിൽ 50-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു.
യുഎസ് ആസ്ഥാനങ്ങളിൽ പ്രത്യാക്രമണം
ജിസിസി മേഖലയിലെ യുഎസ് ആസ്ഥാനങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. കുവൈത്തിലെ എണ്ണ, കുടിവെള്ള ശുദ്ധീകരണശാലകൾക്ക് കനത്ത നാശനഷ്‌ടമുണ്ടായി. വൻ തീപിടുത്തമുണ്ടായി. കുടിവെള്ളത്തിന്റെ 90 ശതമാനത്തിനും ശുദ്ധീകരണശാലകളെ ആശ്രയിക്കുന്ന കുവൈത്തിൽ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇതേതുടർന്ന് കുവൈത്ത് വ്യോമപാത അടച്ചെങ്കിലും പിന്നീട് തുറന്നു.
ഇർബിൽ നഗരത്തിൽ ഇറാന്റെ ഡ്രോണുകളെ വെടിവച്ചിട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. ഇറാന്റെ മിസൈലുകളെ തകർത്തെന്ന് ജോർദാനും അറിയിച്ചു. ബഹ്‌റൈനിൽ ശനിയാഴ്ച പലതവണ അപായ സൈറണുകൾ മുഴങ്ങി. യുഎസ് സൈന്യത്തിന് താവളമൊരുക്കുന്ന ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത്യാക്രമണം നേരിടാൻ തയ്യാറായിക്കൊള്ളണമെന്ന് ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. യുഎസ് വ്യോമാക്രമണം തുടർന്നാൽ ഇറാൻ പൂർണതോതിലുള്ള സൈനിക ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന സൈനിക ഉപദേശകൻ ജനറൽ മൊഹ്സൻ റെസായ് മുന്നറിയിപ്പ് നൽകി.









0 comments