ad
Deshabhimani

ഒരു കേസ് കൂടി, ഇമ്രാൻഖാനും ഭാര്യയ്ക്കും 17 വർഷം തടവ്

imean wife
വെബ് ഡെസ്ക്

Published on Dec 20, 2025, 02:19 PM | 2 min read

റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും പാക് കോടതി 17 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.


2023 ഓഗസ്റ്റ് മുതൽ ജയിലിൽ ഖാനെതിരെ ഉയർത്തിക്കൊണ്ടു വന്ന നിരവധി കേസികളിൽ ഒന്നായ തോഷഖാന രണ്ട് അഴിമതി കേസിലാണ് വിധി. 2021 ൽ സൗദി സർക്കാരിൽ നിന്ന് ഇമ്രാൻ ഖാനും ഭാര്യയ്ക്കും ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിൽ തട്ടിപ്പ് നടത്തിയതായി ആരോപിക്കുന്നതാണ് ഇത്.


2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം വിവിധ കേസുകളിലായി ഇദ്ദേഹം തുടർച്ചയായി തടവിലാണ്.


രാജ്യത്ത് അധികാരത്തിലിരുന്ന പാർടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് സ്ഥാപകനും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമാണ്. 73 കാരനായ ഇമ്രാൻ ഖാൻ നിലവിൽ റാവൽപിണ്ടിയിലെ ഉയർന്ന സുരക്ഷയുള്ള അഡിയാല ജയിലിലാണ്. 


വാച്ചുകൾ, വജ്ര, സ്വർണ്ണാഭരണ സെറ്റുകൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ സംസ്ഥാന സമ്മാന ശേഖരണമായ തോഷഖാനയിൽ  നിക്ഷേപിക്കാതെ വിറ്റുവെന്നാണ് കേസിൽ ആരോപിക്കുന്നത്.


പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 409 (ക്രിമിനൽ വിശ്വാസ വഞ്ചന) പ്രകാരം ഖാനും ബുഷ്‌റയ്ക്കും 10 വർഷം കഠിന തടവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷവും ശിക്ഷ വിധിച്ചു. ഓരോരുത്തർക്കും 16.4 ദശലക്ഷം പിഴയും ചുമത്തി. വിധി പ്രഖ്യാപിച്ചപ്പോൾ ഇരുവരും കോടതിയിൽ ഉണ്ടായിരുന്നു.


ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണുന്നതിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കൊല്ലപ്പെട്ടതായി വാർത്ത പരന്നതിനെ തുടർന്ന് നവംബറിൽ വലിയ പ്രക്ഷോഭം ഉണ്ടായിരുന്നു. അവസാനം സഹോദരിമാരിൽ ഒരാൾക്ക് കാണാൻ അനുമതി നൽകി. അവസാന കൂടിക്കാഴ്ച ഡിസംബർ 2 ന് ആയിരുന്നു.


റിപ്പോർട്ടുകൾ പ്രകാരം ഇദ്ദേഹം ഏകാന്ത തടവിലാണ്. പുറത്ത് പ്രവർത്തിക്കാനോ മറ്റ് തടവുകാരുമായി ഇടപഴകാനോ അനുവാദമില്ല. കൂടാതെ സമൂഹ പ്രാർത്ഥനകളിൽ പങ്കെടുക്കാനും കഴിയില്ല. അഭിഭാഷകർ, കുടുംബാംഗങ്ങൾ, കോടതികൾ അധികാരപ്പെടുത്തിയ മറ്റുള്ളവർ എന്നിവരുടെ സന്ദർശനങ്ങൾ പലപ്പോഴും തടസ്സപ്പെടുത്തുകയോ അകാലത്തിൽ അവസാനിപ്പിക്കുകയോ ചെയ്യാറുണ്ട്.


2018 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ പാകിസ്ഥാന്റെ 19-ാമത് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സേവനമനുഷ്ഠിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home