ഹോര്‍മുസിൽ കപ്പലുകൾ തടയുമെന്ന് ഇറാനും
ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും യുഎസ് ആക്രമണം; നാല് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

മസ്കറ്റ്: ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണങ്ങൾ തുടരുന്നു. 'സെറ്റബെല്ലോ' എന്ന ടാങ്കർ ആക്രമിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയതിന് തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച ഒമാൻ തീരത്ത് 'എം വി ജൽവീർ' എന്ന മറ്റൊരു കപ്പലിന് നേരെയും ആക്രമണമുണ്ടായി. നേരത്തെ നടത്തിയതിന് സമാനമായ സാഹചര്യത്തിലാണ് ഗിനിയ-ബിസാവു പതാകയേന്തിയ അസ്ഫാൽറ്റ് ടാങ്കറിന് നേരെയും ആക്രമണം നടന്നിരിക്കുന്നത്. ഇന്ത്യൻ നാവിക തൊഴിലാളികൾ നിയന്ത്രിക്കുന്ന കപ്പലാണ്. നാല് ദിവസത്തിനിടെ മേഖലയിൽ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. കപ്പലിൽ 20 പേര്‍ ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ ഇവരുടെ തൽസ്ഥിതിയെ കുറിച്ച് വിവരമില്ല.
മേഖലയിൽ തുടരുന്ന ആക്രമണ പരമ്പരയിൽ നേരത്തെ യു എസ് സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായ 'സെറ്റബെല്ലോ' എന്ന ടാങ്കറിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ന്യൂഡൽഹിയി യു എസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ നേരിട്ട് വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം 'ശക്തമായ പ്രതിഷേധം' രേഖപ്പെടുത്തിയിരുന്നു. സിവിലിയൻ കപ്പലുകൾക്ക് നേരെയും സാധാരണക്കാരായ നാവികർക്ക് നേരെയും ഉണ്ടാകുന്ന സൈനിക നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ പാലിക്കപ്പെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തൊട്ടാണ് സമാനമായ ആക്രമണം ആവര്‍ത്തിച്ചത്.
ഹോർമുസ് അടയ്ക്കുമെന്ന് ഭീഷണി
അമേഖലയിൽ പിരിമുറുക്കം ഇരട്ടിയാക്കിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടർന്നു. വ്യാഴാഴ്ച ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തി. ടെഹ്റാൻ ഉടനടി സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
യു എസ് സൈന്യത്തിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായി, മാസങ്ങളായി ഭാഗികമായി അടച്ചിട്ടിരിക്കുന്ന ' ഹോർമുസ് കടലിടുക്ക്' വഴി കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിന് നേരെയും വെടിയുതിർക്കുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് പ്രഖ്യാപിച്ചു. രണ്ട് യു എസ് കപ്പലുകൾക്ക് നേരെ വെടിവെയ്പ്പ് നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ തങ്ങളുടെ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും ഇറാനിന്റെ ഭീഷണികൾക്കിടയിലും വാണിജ്യ കപ്പലുകൾ മേഖലയിലൂടെ കടന്നുപോകുന്നുണ്ടെന്നുമാണ് യു എസ് നിലപാട്. തുടർച്ചയായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഷിപ്പിംഗ് കമ്പനികൾ വലിയ ആശങ്കയിലാണ്. ആയിരക്കണക്കിന് തൊഴിലാളികൾ കടലിൽ അനിശ്ചിതത്വത്തിൽ കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്.










0 comments