ad
Deshabhimani

‘ന്യൂസ് ക്ലിക്കി’നെതിരായ കേസിലെ വിധി ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വിജയം; പിണറായി വിജയൻ

Pinarayi Vijayan

പ്രബീർ പുർകായസ്ത , പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jun 11, 2026, 05:23 PM | 2 min read

തിരുവനന്തപുരം: ‘ന്യൂസ് ക്ലിക്കി’നെതിരായ കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധി അധികാരത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടക്കം മുതൽ തന്നെ ന്യൂസ് ക്ലിക്കിനും എഡിറ്റർ പ്രബീർ പുർകായസ്തക്കുമെതിരായ നടപടി വിമർശനാത്മക മാധ്യമ പ്രവർത്തനത്തെയും ജനകീയ പ്രക്ഷോഭങ്ങളെയും ലക്ഷ്യമിട്ട രാഷ്ട്രീയ വേട്ടയാണെന്ന് ആരോപണമുണ്ടായിരുന്നു. കോടതിയുടെ ഇടപെടൽ ആ ആരോപണങ്ങൾക്ക് ഗണ്യമായ സാധൂകരണം നൽകുന്നു.


കോർപ്പറേറ്റ് - രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ കാലത്ത്, അധികാരത്തെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളെയാണ് കൂടുതൽ ആക്രമണത്തിന് വിധേയമാക്കുന്നത്. ന്യൂസ് ക്ലിക്കിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്.

ഈ വിധി ഒരു സ്ഥാപനത്തിന്റെ മാത്രം വിജയമല്ല. ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വിജയമാണ്. അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ലെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നുള്ള മാധ്യമ പ്രവർത്തനത്തെ നിയമത്തിന്റെയും അന്വേഷണ ഏജൻസികളുടെയും ബലത്തിൽ നിശ്ശബ്ദമാക്കാനാവില്ലെന്നും ഈ വിധി വ്യക്തമാക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് ‘ന്യൂസ് ക്ലിക്കി’നെതിരായ കേസ് റദ്ദ് ചെയ്തുകൊണ്ടുള്ള ഡൽഹി ഹൈക്കോ‌ടതി വിധി വന്നത്. മോദി സർക്കാരിന്റെ കൊള്ളരുതായ്‌മകൾക്കെതിരെ തെളിവ് സഹിതം വാർത്തകൾ നൽകുന്ന സ്വതന്ത്ര മാധ്യമസ്ഥാപനമായിരുന്നു ന്യൂസ്‌ ക്ലിക്ക്. ഇതിന് പിന്നാലെയായിരുന്നു ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ചുള്ള പ്രതികാര നടപടി. വിദേശത്തുനിന്ന്‌ പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം നടത്തിയെന്നും ചൈനീസ്‌ മാധ്യമസ്ഥാപനവുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ പ‍ൗരനിൽ നിന്ന്‌ പണം സ്വീകരിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.


എന്നാൽ പൊലീസിനോ ഇ ഡിക്കോ കേസിൽ ഒരു തെളിവ് പോലും ഹാജരാക്കാൻ സാധിച്ചില്ല. ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം എന്നിവയ്ക്കും തെളിവില്ല. കേസ് തുടരുന്നത് നിയമനടപടികളുടെ ദുർവിനിയോഗമാണ്‌. പ്രബിറിന്റെ ക്രിമിനൽ ഗൂഢാലോചനയെന്താണെന്ന്‌ ഇഡിക്ക്‌ വിശദീകരിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്ന്‌ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് കേസ് റദ്ദ് ചെയ്യുകയായിരുന്നു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറും ഇഡിയുടെ ഇസിഐആറുമാണ്‌ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണ റദ്ദാക്കിയത്. എഫ്ഐആറിൽ ചേർത്ത ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.


ബിജെപിയുടെ വർഗീയവിദ്വേഷ പ്രചാരണം തുറന്നുകാട്ടിയതിന്റെ പേരിൽ ആറുവർഷത്തോളമായി ബിജെപി പ്രബിറിനെ വേട്ടയാടുകയായിരുന്നു. ഇടതുപക്ഷത്തോട്‌ ആഭിമുഖ്യമുണ്ടെന്നതും രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷകപ്രക്ഷോഭമുൾപ്പെടെ വസ്തുനിഷ്ടമായി റിപ്പോർട്ട്‌ ചെയ്തെന്നതും ബിജെപിയെ ചൊടിപ്പിച്ചു. പ്രബിറിന്റെയും സഹപ്രവർത്തകരുടെയും വീടുകളിൽ തുടരെ റെയ്ഡ്‌ നടത്തി. പ്രബിറിനെയും കുടുംബത്തെയും തടഞ്ഞുവച്ചു. കംപ്യൂട്ടറും മൊബൈൽഫോണുമടക്കമുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങൾ പിടിച്ചെടുത്തു. 2023 ഒക്ടോബറിൽ പ്രബിറിനെ ഡൽഹി പൊലീസ് അറസ്റ്റുചെയ്ത്‌ തടവിലിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് 2024 മേയിൽ സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിച്ചു.വിദേശപണം സ്വീകരിച്ചെന്ന്‌ ആരോപിച്ച്‌ 2020 ഓഗസ്റ്റിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർചെയ്തത്. 2021ൽ ഇഡി കേസെടുത്തു. അന്ന് ഡൽഹിയിലെ ന്യൂസ്‌ക്ലിക്ക്‌ ആസ്ഥാനത്ത്‌ 50 മണിക്കൂറാണ്‌ ഇഡി റെയ്‌ഡ്‌ നടത്തിയത്‌.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home