കെനിയയിലെ ദേശീയോദ്യാനത്തിൽ ഒരു മാസത്തിനിടെ ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞത് 15 ആനകൾ; അന്വേഷണം

നയ്റോബി : കെനിയയിലെ അംബോസെലി ദേശീയോദ്യാനത്തിൽ ഒരു മാസത്തിനിടെ 15 ആനകൾ ചരിഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് കെനിയ വന്യജീവി വകുപ്പ്. ആനകളിൽ 10 എണ്ണം തളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചതായും തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ചരിഞ്ഞതായും കെനിയ വന്യജീവി വകുപ്പ് അധികൃതർ അറിയിച്ചു. ശേഷിക്കുന്ന അഞ്ചെണ്ണത്തെ ദേശീയോദ്യാനത്തിലെ ജീവനക്കാരാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ജഡങ്ങൾ ഭാഗികമായി ജീർണിച്ച നിലയിലായിരുന്നു. മരണത്തിനു കാരണം പകർച്ചവ്യാധിയാണെന്ന് സംശയമുയരുന്നുണ്ട്
മരിച്ചതിൽ ഭൂരിഭാഗവും പെൺ ആനകളും കുഞ്ഞുങ്ങളുമാണ്. ഒരു ആൺ ആന മാത്രമാണ് കൂട്ടത്തിലുള്ളതെന്നും അധികൃതർ പറഞ്ഞു. പാർക്കിന് ചുറ്റുമുള്ള കിമാന വന്യജീവി സങ്കേതത്തിലും കുക്കുറാഞ്ച് പ്രദേശങ്ങളിലുമാണ് ആനകൾ ചരിഞ്ഞത്. വേട്ടയാടലിന്റെ മറവിൽ ആനകളെ വിഷം കൊടുത്ത് കൊന്ന സംഭവങ്ങൾ കെനിയയിൽ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്‌റോബി സർവകലാശാലയിലെ ലബോറട്ടറി ആനകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വിഷത്തിന് സമാനമായ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഗവൺമെന്റ് കെമിസ്റ്റിന്റെ പരിശോധനയിൽ വിഷവസ്തുക്കളുടെ സാന്നിധ്യമില്ലായിരുന്നുവെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും അതോറിറ്റി അറിയിച്ചു. ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ പ്രദേശങ്ങളിലെ ജല സ്രോതസുകൾ കേന്ദ്രീകരിച്ച് പാരിസ്ഥിതിക അന്വേഷണവും നടത്തുന്നുണ്ട്.










0 comments