പാർലമെന്റ് പിരിച്ചുവിട്ടു, സംഘർഷങ്ങൾക്കിടെ തായ്‌ലൻഡ് തെരഞ്ഞെടുപ്പിലേക്ക്

ബാങ്കോക്ക്: അതിർത്തിയിൽ കംബോഡിയയുമായുള്ള രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ തുടരുന്നതിനിടെ തായ്‌ലൻഡ് പാർലമെന്റ് പിരിച്ചുവിട്ടു. രാജ്യം അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നേരിടും.
രാജാവ് മഹാ വജിരലോങ്‌കോണിന്റെ അംഗീകാരത്തോടെ പ്രതിനിധി സഭ പിരിച്ചു വിട്ടതായി പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ പ്രഖ്യാപിച്ചു. നടപടി റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഉത്തരവ് പ്രാബല്യത്തിലായി.
രാജകീയ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ 45 മുതൽ 60 ദിവസം വരെയാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള കാലയളവ്. ഇതിനകം നടപടികൾ പൂർത്തിയാക്കണം. ഈ കാലയളവിൽ അനുതിൻ ഒരു കാവൽ സർക്കാരിനെ നയിക്കും. പുതിയ ബജറ്റ് അംഗീകരിക്കാൻ കഴിയില്ല എന്നത് മാത്രമാണ് നിയന്ത്രണം.
ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ തായ്‌ലൻഡ് കംബോഡിയയുമായി വലിയ തോതിലുള്ള പോരാട്ടം തുടരുകയാണ്. തന്ത്രപരമായ രാഷ്ട്രീയ ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.
Related News
ഭരണഘടനാ പരിഷ്കരണത്തിലേക്ക്
മുൻ പ്രധാനമന്ത്രി പായ്തോംഗ്താൻ ഷിനവത്ര അഴിമതി വിവാദങ്ങളിൽ പെട്ടതിനാൽ സർക്കാർ കഴിഞ്ഞ സർക്കാർ വെറും ഒരു വർഷം മാത്രമേ തുടർന്നുള്ളു. ഷിനവത്ര പദവി ഒഴിഞ്ഞതിനെത്തുടർന്ന് സെപ്റ്റംബറിൽ പാർലമെന്റ് അനുതിനെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഈ സർക്കാർ മൂന്നു മാസം തികച്ചതേയുള്ളൂ.
അനുതിന് അധികാരം നേടുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയായിരുന്നു. അവരുടെ പിന്തുണയ്ക്ക് ലഭിക്കാൻ ഉപാധികൾ വെച്ചിരുന്നു. രാജ്യത്ത് നാല് മാസത്തിനകം പാർലമെന്റ് പിരിച്ചുവിടണം. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ ഭരണഘടനയെ കുറിച്ച് ഒരു റഫറണ്ടം നടത്തുകയും വേണം. - എന്നിങ്ങനെയായിരുന്നു ഉപാധി.
സൈനിക ഭരണകാലത്ത് രൂപപ്പെടുത്തിയ ഭരണഘടനയാണ് തായ്ലലൻഡിൽ നിലനിൽക്കന്നത്. ഇതിൽ ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടെന്ന് ആരോപിച്ച് പീപ്പിൾസ് പാർട്ടി വർഷങ്ങളായി ഭരണഘടനാ പുനഃരുദ്ധാരണത്തിനായി പ്രചാരണ രംഗത്തുണ്ട്. അതവർ കരാറിലെ മുഖ്യ ഇനമാക്കി.
എന്നാൽ ഇതിനിടെ, അനുതിന്റെ ഭുമ്ജൈതായ് പാർട്ടി ഒരു ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തത് പീപ്പിൾസ് പാർട്ടിയുമാള്ള കരാറിന് വെല്ലുവിളി ഉയർത്തി. പുതിയ ബില്ല് തങ്ങളുടെ കരാറിന്റെ ആത്മാവിനും ലക്ഷ്യത്തിനും വിരുദ്ധമാണ് എന്ന് ആരോപിച്ചു. അവിശ്വാസ പ്രമേയം കൊണ്ടു വരാൻ നീക്കം തുടങ്ങി.
പ്രതിനിധിസഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പീപ്പിൾസ് പാർട്ടിക്കാണുള്ളത്. ഭുംജൈതായ്ക്കെതിരായ പ്രധാന വെല്ലുവിളിയായി അവർ നിലകൊള്ളുന്നു. ഈ സാഹചര്യമാണ് അനുതിനെ പെട്ടെന്ന് പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ വിശകലനങ്ങൾ പറയുന്നു.
രാജ്യത്ത് യുദ്ധ സാഹചര്യമാണ് നിലനിൽക്കുന്നത്. സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയാണ്. 165 കംബോഡിയൻ സൈനികർ കൊല്ലപ്പെട്ടതായി തായ് സൈന്യം കണക്കാക്കുന്നു. എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കംബോഡിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.










0 comments