കംബോഡിയ തായ്ലൻഡ് അതിർത്തിയിൽ വീണ്ടും വ്യോമാക്രമണം

ബാങ്കോക്ക്: കംബോഡിയ തായ്‌ലൻഡ് തർക്ക അതിർത്തിയിൽ തിങ്കളാഴ്ച വീണ്ടും ഏറ്റുമുട്ടൽ. വെടിനിർത്തൽ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു. ഞായറാഴ്ച നടന്ന വെടിവയ്പ്പിന് തുടർച്ചയായി സംഘർഷം രൂക്ഷമായി.
കംബോഡിയയില്‍ വ്യോമാക്രമണം നടത്തിയെന്ന് തായ്‌ലാൻഡ് സ്ഥിരീകരിച്ചു. തായ്ലാൻഡിന്റെ ദേശീയ സുരക്ഷയ്ക്കും അതിർത്തിയിലെ സാധാരണക്കാരുടെ സുരക്ഷയ്ക്കും ഭീഷണി ഉയർന്നതോടെയാണ് ആക്രമണം നടത്തിയതെന്ന് റോയല്‍ തായ് എയർഫോഴ്സ് വക്താവ് എയര്‍ മാർഷൽ ജാക്രിറ്റ് തമ്മാവിച്ചായി ന്യായീകരിച്ചു.
തങ്ങളുടെ അതിർത്തിയിൽ കംബോഡിയ വൻതോതിൽ ആയുധവിന്യാസം നടത്തുകയും സൈനികരെ എത്തിക്കുകയും ചെയ്തിട്ടുള്ളതായി തായ്‌ലൻഡ് പറയുന്നു. വൻതോതിലുള്ള ആക്രമണത്തിനാണ് കംബോഡിയ തയ്യാറെടുത്തിരുന്നതെന്നും അവര്‍ ആരോപിച്ചു.
വെടി നിർത്തലിന് ശേഷം വ്യോമാക്രമണം വീണ്ടും തുടങ്ങിയിരിക്കയാണ്. തിങ്കളാഴ്ച നിരവധി പ്രദേശങ്ങളിലെ സൈനിക ലക്ഷ്യങ്ങളിൽ തായ്‌ലൻഡ് വ്യോമാക്രമണം നടത്തി.
ഞായറാഴ്ച ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. കംബോഡിയൻ വെടിവയ്പ്പിൽ രണ്ട് തായ് സൈനികർക്ക് പരിക്കേറ്റുവെന്നും സൈനികർ തിരിച്ചടിച്ചുവെന്നും തായ് സൈന്യം പറഞ്ഞു. തായ് സൈന്യമാണ് ആദ്യം വെടിവച്ചതെന്നും സ്വന്തം സൈന്യം തിരിച്ചടിച്ചെന്നും കംബോഡിയയും പറഞ്ഞു.
ദീർഘകാലമായി നിലനിന്നിരുന്ന അതിർത്തി തർക്കങ്ങൾ ജൂലൈയിലാണ് യുദ്ധത്തിലേക്ക് എത്തിയത്. ഒക്ടോബറിൽ ഒരു വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മലേഷ്യൻ പ്രധാനന്ത്രി അൻവർ ഇബ്രാഹിമും ഇടപെട്ടായിരുന്നു ധാരണ.
1907-ൽ കംബോഡിയ ഫ്രഞ്ച് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ വരച്ച ഒരു ഭൂപടത്തിന്റെ പേരിലുള്ള അതിർത്തി തർക്കമാണ് ഇന്നുവരെയും സംഘർഷങ്ങളിൽ മുഖ്യകാരണമായി തുടരുന്നത്.
1962-ൽ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രശ്നത്തിൽ ഇടപെട്ടു. കംബോഡിയയ്ക്ക് ഒരു പ്രദേശത്തിന്മേൽ പരമാധികാരം നൽകി. 1,000 വർഷം പഴക്കമുള്ള പ്രിയ വിഹാർ ക്ഷേത്രവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇപ്പോൾ ഇവയെല്ലാം സംഘർഷത്തിന് തീവ്രത പകരുന്നു.










0 comments