ഏറ്റുമുട്ടൽ അതിർത്തി തർക്കത്തെ ചൊല്ലി , മരണം വ്യോമാക്രമണത്തിൽ
തായ്‌ലൻഡ്–കംബോഡിയ സൈനിക സംഘർഷം ; 12 മരണം

ബാങ്കോക്ക്
തെക്ക് കിഴക്കൻ ഏഷ്യൻ അതിർത്തി രാജ്യങ്ങളായ കംബോഡിയയും തായ്‌ലൻഡും തമ്മിൽ വൻ സൈനിക സംഘർഷം. തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11 തായ് പൗരന്മാർ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്‌ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡ് കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന് തായ്‌ലൻഡ് ജനങ്ങളെ ഒഴിപ്പിച്ചു. സഞ്ചാരികള്‍ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാരായ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന രാജ്യങ്ങളാണിവ.
ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം. 817 കിലോമീറ്റർ കര അതിർത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്‌ലൻഡും ലാവോസും കൂടിച്ചേരുന്ന എമറാൾഡ് ട്രയാംഗിൾ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്‌പ്പിൽ കഴിഞ്ഞ മേയിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ചില തായ് ഉൽപന്നങ്ങൾക്ക് കംബോഡിയ വിലക്കേർപ്പെടുത്തി. കംബോഡിയൻ സ്ഥാനപതിയെ തായ്‌ലൻഡ് പുറത്താക്കി.
അടുത്തിടെ ചില അതിർത്തികളിൽ സൈനികർ തമ്മിൽ വെടിവയ്‌പ്പും ഉണ്ടായി. തർക്കമേഖലയിലെ കുഴിബോംബ് സ്‌ഫോടനത്തിൽ തായ്‌ലൻഡ‍് സൈനികർ കൊല്ലപ്പെട്ടിരുന്നു. തായ്‌ലൻഡ് സൈന്യത്തിന്റെ ആക്രമണം പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്‌തതെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ കംബോഡിയയാണ് ആദ്യം ആക്രമിച്ചതെന്ന് തായ്‌ലൻഡ് സൈന്യം ആരോപിച്ചു. കേരളത്തിൽ നിന്നടക്കം ഏറെ പേർ വിനോദസഞ്ചാര ലക്ഷ്യങ്ങളായി കരുതുന്ന കേന്ദ്രങ്ങളാണ് തായ്‌ലൻഡും കംബോഡിയയും.










0 comments