ad
Deshabhimani

സഹതാരത്തെ കുത്തിക്കൊലപ്പെടുത്തി; 19 കാരന് 35 വർഷം തടവുശിക്ഷ

antony teen texas

കൊല്ലപ്പെട്ട ഓസ്റ്റിൻ മെറ്റ്കാൽഫ്, പ്രതി കാർമെലോ ആന്റണി

വെബ് ഡെസ്ക്

Published on Jun 10, 2026, 06:40 PM | 1 min read

ടെക്സസ്: ഹൈസ്കൂൾ ട്രാക്ക് മീറ്റിനിടെ സഹ കായികതാരത്തെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ടെക്സസിലെ യുവാവിന് 35 വർഷം തടവുശിക്ഷ. 19-കാരനായ കാർമെലോ ആന്റണിയെയാണ് കോടതി ശിക്ഷിച്ചത്.


2025 ഏപ്രിലിൽ ഡാലസിന് സമീപത്തെ ഫ്രിസ്‌കോയിൽ നടന്ന ഹൈസ്കൂൾ ട്രാക്ക് മീറ്റിനിടെയാണ് സംഭവം. എതിർ ടീമിലെ 17-കാരനായ ഓസ്റ്റിൻ മെറ്റ്കാൽഫിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് ആന്റണിക്കെതിരെ വിധി വന്നത്.


സ്വയംരക്ഷയ്ക്കായാണ് ആക്രമിച്ചതെന്ന ആന്റണിയുടെ വാദം ജൂറി തള്ളി. സംഭവത്തിൽ കൊലക്കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് 35 വർഷം തടവുശിക്ഷ വിധിച്ചത്.


മഴയുള്ള ദിവസമായതിനാൽ മെമ്മോറിയൽ ഹൈസ്കൂൾ ടീമിന്റെ ടെന്റിനടിയിൽ ആന്റണി ഇരുന്നതും അവിടെ നിന്ന് പോകാൻ മെറ്റ്കാൽഫും സുഹൃത്തുക്കളും ആവശ്യപ്പെട്ടതുമാണ് വാക്കുതർക്കത്തിലേക്ക് നയിച്ചതെന്ന് സാക്ഷികൾ മൊഴിനൽകി.


വാക്കേറ്റത്തിനിടെ ആന്റണി ബാഗിനുള്ളിൽ കൈയിട്ട് "തൊട്ടുനോക്കൂ, എന്ത് സംഭവിക്കുമെന്ന് കാണാം" എന്ന് പറഞ്ഞതായി പൊലീസ് റിപ്പോർട്ടിലുണ്ട്. തുടർന്ന് മെറ്റ്കാൽഫ് ആന്റണിയെ തള്ളിയതായും പിന്നാലെ ആന്റണി കത്തി എടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നുവെന്നുമാണ് സാക്ഷിമൊഴികൾ.


ആന്റണിയാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും ഇത് സ്വയംരക്ഷയല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ആന്റണിയെ ആദ്യം സ്പർശിച്ചതും തള്ളിയതും മെറ്റ്കാൽഫാണെന്നും ടെക്സസ് നിയമപ്രകാരം ആക്രമണം നേരിടാൻ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


ഇരുവരും ഫ്രിസ്‌കോ സ്വദേശികളായിരുന്നുവെങ്കിലും നേരത്തെ പരസ്പരം പരിചയമില്ലായിരുന്നുവെന്ന് കോടതിയിൽ വ്യക്തമാക്കി.


കേസിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ആന്റണി കറുത്ത വർഗക്കാരനും മെറ്റ്കാൽഫ് വെളുത്ത വർഗക്കാരനുമായതിനാൽ സംഭവത്തെ വംശീയ വിഷയമായി അവതരിപ്പിക്കാൻ ചിലർ ശ്രമിച്ചെങ്കിലും കൊലപാതകത്തിന് വംശവുമായി ബന്ധമില്ലെന്ന് ഇരുപക്ഷ അഭിഭാഷകരും കോടതിയിൽ വ്യക്തമാക്കി.


മകന്റെ മരണത്തെ തുടർന്ന് വംശീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിച്ചവരെ നേരത്തേ തന്നെ ഓസ്റ്റിൻ മെറ്റ്കാൽഫിന്റെ പിതാവ് വിമർശിച്ചിരുന്നു. ശിക്ഷാവിധിക്ക് ശേഷം കോടതിയിൽ സംസാരിച്ച അദ്ദേഹം, "ഇത് ഒരിക്കലും വംശത്തെക്കുറിച്ചായിരുന്നില്ല" എന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home