അമേരിക്കയിൽ വീണ്ടും വിസ നിയന്ത്രണം: എച്ച് വൺ ബി വിസകൾ മരവിപ്പിച്ച് ടെക്സസ് ഗവർണർ

ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയിൽ എച്ച് വൺ ബി വിസകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്. സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും പബ്ലിക് സർവകലാശാലകളിലും പുതിയ എച്ച് വൺ ബി വിസ അപേക്ഷകൾ നൽകുന്നത് അദ്ദേഹം താൽക്കാലികമായി മരവിപ്പിച്ചു.
നികുതിപ്പണത്തിലൂടെയുള്ള ജോലികൾ ടെക്സസുകാർക്ക് തന്നെ ലഭിക്കണമെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ഉത്തരവ് പ്രകാരം 2027 മെയ് 31 വരെ ടെക്സസിലെ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ വിദേശ തൊഴിലാളികളെ നിയമിക്കാൻ സാധിക്കില്ല.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ടെക്സസ് എ ആൻഡ് എം ഉൾപ്പെടെയുള്ള മുൻനിര സർവകലാശാലകൾ, മെഡിക്കൽ ഗവേഷണ കേന്ദ്രങ്ങൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നീ സ്ഥാപനങ്ങളാണ് ഈ തീരുമാനം കൊണ്ട് ബാധിക്കപ്പെടുക. നിലവിൽ സ്വകാര്യ ഐടി കമ്പനികൾക്കോ ബിസിനസ്സ് സ്ഥാപനങ്ങൾക്കോ ഈ ഉത്തരവ് ബാധകമല്ല.
പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ പുതിയ വിസകൾക്ക് അപേക്ഷിക്കാം എന്നും നിർദേശമുണ്ട്. എച്ച് വൺ ബി വിസ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കുറഞ്ഞ വേതനത്തിൽ വിദേശികളെ നിയമിക്കുന്നത് സ്വദേശികളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നുമാണ് ഗവർണറുടെ വാദം.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് ടെക്സസിന്റെ ഈ തീരുമാനം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം, അവരുടെ രാജ്യം, ശമ്പളം തുടങ്ങിയ വിവരങ്ങൾ മാർച്ച് 27-നകം സമർപ്പിക്കാനും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ എച്ച് വൺ ബി വിസയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സസ്. ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ, പ്രത്യേകിച്ച് മലയാളികൾ ടെക്സസിലെ ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ജോലി ചെയ്യുന്നുണ്ട്.
പുതിയ നിയമനം തടയുന്നത് ഗവേഷകർക്കും അധ്യാപകർക്കും തിരിച്ചടിയാകും. നിലവിൽ എച്ച് വൺ ബി വിസ ലഭിക്കുന്നതിന് ട്രംപ് സർക്കാർ ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ ഫീസിനെച്ചൊല്ലിയുള്ള തർക്കം കോടതിയിൽ തുടരുന്നതിനിടെയാണ് പുതിയ നിയന്ത്രണം.











0 comments