ad
Deshabhimani

"എല്ലുകൾ ഒടിയാത്തിടത്തോളം"; ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ; പദവി നോക്കി ശിക്ഷ

Taliban Woman
വെബ് ഡെസ്ക്

Published on Feb 19, 2026, 07:54 AM | 1 min read

കാബൂൾ: ​ഗാർഹികപീഡനത്തിന് അനുമതി നൽകി അഫ്​ഗാനിസ്ഥാന്റെ ഭരണം കയ്യാളുന്ന താലിബാൻ. ഭാര്യമാർക്കും കുട്ടികൾക്കും "എല്ലുകൾ ഒടിയുകയോ മുറിവുകൾ ഉണ്ടാവുകയോ" ചെയ്യാത്തിടത്തോളം കാലം അവരെ ശാരീരികമായി ശിക്ഷിക്കാൻ ഭർത്താക്കന്മാർക്ക് അനുമതി നൽകിക്കൊണ്ട് താലിബാൻ വിചിത്രമായ പുതിയ ശിക്ഷാനിയമം അവതരിപ്പിച്ചു. കുറ്റവാളി "സ്വതന്ത്രനാണോ" അതോ "അടിമയാണോ" എന്നതിനെ അടിസ്ഥാനമാക്കി വ്യത്യസ്ത തലത്തിലുള്ള ശിക്ഷകൾ അനുവദിക്കുന്ന ഒരു തരം ജാതിവ്യവസ്ഥയ്ക്കും രൂപം നൽകിയിട്ടുണ്ട്. പുതിയ ശിക്ഷാനിയമത്തിൽ താലിബാൻ പരമാധികാരി ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ചു.


ബലപ്രയോഗത്തിലൂടെ ഭർത്താവ് ഭാര്യയുടെ അസ്ഥി ഒടിക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്താൽ പോലും അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമാണ്. കൂടാതെ, ഒരു സ്ത്രീ കോടതിയിൽ പീഡനം തെളിയിച്ചാൽ മാത്രമേ ഭർത്താവിനെ ശിക്ഷിക്കാൻ കഴിയൂ. വിചാരണ വേളയിൽ ശരീരം പൂർണമായും മറച്ചുകൊണ്ട് തന്നെ തന്റെ മുറിവുകൾ ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ സ്ത്രീ നിർബന്ധിതയാകും. ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് ഭർത്താവോ അല്ലെങ്കിൽ മറ്റ് പുരുഷ തുണയോ ഇല്ലാതെ കോടതിയിൽ എത്താനും കഴിയില്ല.


അതേസമയം, ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന വിവാഹിതയായ ഒരു സ്ത്രീക്ക് മൂന്ന് മാസം വരെ തടവുശിക്ഷ ലഭിക്കാം.


സാമൂഹിക പദവി അടിസ്ഥാനമാക്കി വിവേചനപരവുമാണ് പുതിയ നിയമം. 9-ാം അനുച്ഛേദം അനുസരിച്ച് സമൂഹത്തെ മതപണ്ഡിതന്മാർ, വരേണ്യവർഗം, മധ്യവർഗം, താഴ്ന്ന വർഗം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കുന്നുണ്ട്. ഈ വ്യവസ്ഥ പ്രകാരം, ഒരു കുറ്റകൃത്യത്തിനുള്ള ശിക്ഷ നിർണയിക്കുന്നത് കുറ്റത്തിന്റെ ഗൗരവം നോക്കിയല്ല, മറിച്ച് പ്രതിയുടെ സാമൂഹികപദവി നോക്കിയാണ്. ഒരു മതപണ്ഡിതനാണ് കുറ്റം ചെയ്യുന്നതെങ്കിൽ ഉപദേശം മാത്രം നൽകി അയാളെ വിട്ടയക്കും. വരേണ്യ വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് സമൻസ് അയച്ച് ഉപദേശം നൽകും. എന്നാൽ മധ്യവർഗക്കാർക്ക് ഇതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കുമ്പോൾ, താഴ്ന്ന വർഗക്കാർക്ക് തടവും ഒപ്പം കഠിനമായ ശാരീരിക ശിക്ഷയും ലഭിക്കും. ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്കുള്ള ശാരീരിക ശിക്ഷകൾ നടപ്പിലാക്കുന്നത് ജയിൽ അധികൃതർക്ക് പകരം ഇസ്ലാമിക മതപുരോഹിതന്മാരായിരിക്കും.


അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ 'റവാദാരി', പുതിയ നിയമം നടപ്പിലാക്കുന്നത് ഉടനടി നിർത്തലാക്കാൻ ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home