print edition അഫ്‌ഗാനിൽ താലിബാൻ ‘ചാതുർവർണ്യം’

കാബൂൾ
അഫ്‌ഗാനിസ്ഥാനിൽ ‘ചാതുർവർണ്യ’ സാമൂഹ്യവ്യവസ്ഥിതി അടിച്ചേൽപ്പിച്ച് താലിബാൻ. മതപുരോഹിതർക്ക് എല്ലാവിധ അധികാരവും ശിക്ഷകളിൽനിന്ന് പരിരക്ഷയും ഉറപ്പാക്കുകവഴി സാധാരണക്കാരെ അടിമകളാക്കുന്ന നിയമമാണ് നടപ്പാക്കിയത്. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട് നടപ്പാക്കിയ നിയമപ്രകാരമാണ് ചാതുർവർണ്യാധിഷ്‌ഠിത നീതിന്യായ വ്യവസ്ഥ ഔപചാരികമായി സ്ഥാപിച്ചത്. ജനുവരി നാലിന് പുറപ്പെടുവിച്ച് രാജ്യത്തുടനീളമുള്ള കോടതികളിലെത്തിച്ച പുതിയ നിയമം അഫ്ഗാൻ മനുഷ്യാവകാശ സംഘടനയായ റവാദാരിയാണ് പുറംലോകത്തെ അറിയിച്ചത്.
10 അധ്യായങ്ങളിൽ 119 അനുഛേദങ്ങൾ രേഖയിലുണ്ട്. ആർട്ടിക്കിൾ–9 സമൂഹത്തെ മതപണ്ഡിതർ, വരേണ്യവർഗം, മധ്യവർഗം, താഴ്‌ന്നവർഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായി വിഭജിക്കുന്നു. കോടതികളുടെ ശിക്ഷാവിധി ഇനി കുറ്റകൃത്യത്തിന്റെ സ്വഭാവമോ സാഹചര്യമോ അനുസരിച്ചല്ല, മറിച്ച് പ്രതിയുടെ സാമൂഹികപദവി അനുസരിച്ചാകും. മതപുരോഹിതർ കുറ്റംചെയ്‌താൽ ശിക്ഷ വെറും ഉപദേശം. കുറ്റവാളി വരേണ്യനെങ്കിൽ കോടതിയിലേക്കു സമൻസയച്ച് വിളിപ്പിച്ച് ഉപദേശം. മധ്യവർഗത്തിന് തടവുശിക്ഷ. എന്നാൽ "താഴ്‌ന്ന വിഭാഗത്തിൽ’ നിന്നുള്ളവർക്ക് തടവുശിക്ഷയും ശാരീരികപീഡനവും മുതൽ വധശിക്ഷ വരെ ഉറപ്പ്.










0 comments