print edition ചുമതലക്കാരുടെ അടിയന്തരയോഗംവിളിച്ച് പ്രസിഡന്റ്


വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 22, 2026, 02:03 AM | 1 min read
തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനുമുന്നിൽ പരാതിപ്രളയം. വിദേശയാത്ര കഴിഞ്ഞ് ഒരുമാസത്തിനുശേഷം കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിന്റെ ഇ – മെയിലിലേക്ക് വിവിധ ജില്ലകളിലെ നേതാക്കൾ പരാതി അയച്ചതോടെ ചൊവ്വാഴ്‌ച വൈകിട്ട് സംസ്ഥാന ഓഫീസിൽ തിരുവനന്തപുരത്തെ ചുമതലക്കാരുടെ അടിയന്തരയോഗം ചേർന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റി കൺവീനർ എസ് സുരേഷ്, ജില്ലാ പ്രഭാരി കെ സോമൻ എന്നിവരെ വിളിച്ചുവരുത്തിയാണ് യോഗംചേർന്നത്. മൂന്നുമണിക്കൂർ നീണ്ട യോഗത്തിന്റെ പ്രധാന അജൻഡ ഫണ്ട് തട്ടിപ്പ് വിവാദമായിരുന്നു.
പ്രസിഡന്റ് തിരിച്ചെത്തിയതറിഞ്ഞ് നേരിൽക്കാണാൻ ജില്ലകളിലെ നേതാക്കൾ അനുമതി ചോദിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച നേമം മണ്ഡലത്തിലെ എംഎൽഎ ഓഫീസിലെത്തിയപ്പോൾ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മറുപടി നൽകാതെ ഒഴിഞ്ഞുമാറി. ഫണ്ട്‌വെട്ടിപ്പ് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് നേതാക്കൾ ആവർത്തിക്കുന്നത്. എന്നാൽ, ‘നിയമവിരുദ്ധമായ പല ഇടപാടുകളും നടന്നതിന് സാക്ഷിയാണ്’ എന്നാണ് നേതാക്കൾ വടക്കൻജില്ലയിൽനിന്ന് ലഭിച്ച ഒരു പരാതിയിൽ പറഞ്ഞിരിക്കുന്നത്.










0 comments