താജ്മഹലിൽ നിന്ന് ശേഖരിച്ച അപൂർവ മാർബിൾ ഫലകം യുകെയിൽ ലേലത്തിന്

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി താജ്മഹലിൽ നിന്ന് കൊണ്ടുപോയ പൂക്കളുടെ കൊത്തു പണികളോടുകൂടിയ അപൂർവ മാർബിൾ ഫലകം
ലണ്ടൻ : ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥൻ ആഗ്രയിലെ താജ്മഹലിൽ നിന്ന് കൊണ്ടുപോയ പൂക്കളുടെ കൊത്തുപണികളോടുകൂടിയ അപൂർവ മാർബിൾ ഫലകം അടുത്ത മാസം യുകെയിൽ ലേലത്തിന് വെക്കുന്നു. ആഗ്രയിലെയും പരിസരപ്രദേശങ്ങളിലെയും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളുടെ സൂപ്രണ്ടായിരുന്ന കേണൽ പൗനോൾ ഫിപ്സ് 1816-ൽ തന്റെ കാലാവധി അവസാനിക്കുന്ന വേളയിൽ കെെക്കലാക്കിയ രണ്ട് ചതുരാകൃതിയിലുള്ള മാർബിൾ ഫലകങ്ങളിൽ ഒന്നാണിത്. 1666-ൽ ഷാജഹാന്റെ മരണശേഷം താജ്മഹലിൽ നിർമിച്ച ശവകുടീരത്തിന്റെ മുകൾഭാഗത്തുള്ള പൂക്കളുടെ കൊത്തുപണികൾക്ക് സമാനമാണ് ഈ ഫലകത്തിലെ അലങ്കാരപ്പണികൾ.
ഇതിന് 20,000 മുതൽ 30,000 പൗണ്ട് വരെ വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിസംബർ 9-ന് ലിയോൺ ആൻഡ് ടേൺബുൾ എന്ന ലേലസ്ഥാപനം നടത്തുന്ന ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ലേലത്തിലാണ് ഇതുള്ളത്.
ഇതോടൊപ്പം താജ്മഹലിന്റെ പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും രണ്ട് കത്തുകളും ലേലത്തിനുണ്ട്. ഇതിൽ ഒന്ന് കേണൽ പൗനോളിന്റെ ചെറുമകൻ അച്ചടിച്ചതും മറ്റൊന്ന് കൈപ്പടയിൽ എഴുതിയതുമാണ്. താജ്മഹലിലെ ഭൂഗർഭ അറയിൽ നിന്നാണ് പിതാവിന് ഈ ഫലകങ്ങൾ ലഭിച്ചതെന്നും സ്മാരകത്തിന്റെ അറ്റകുറ്റപ്പണികൾക്കായി മാറ്റിവെച്ചവയായിരിക്കാം ഇവയെന്നാണ് കരുതുന്നതെന്നും കേണലിന്റെ മകന്റെ ഓർമ്മക്കുറിപ്പുകളിലുണ്ട്. 1823-ൽ കുടുംബസമേതം ബ്രിട്ടനിലേക്ക് മടങ്ങിയ കേണൽ പൗനോൾ ഫിപ്സ് 1858-ൽ അന്തരിച്ചു.









0 comments