ad
Deshabhimani

ഹോർമുസ് കടലിടുക്കിന് സമീപം തായ്‌വാൻ കപ്പലിന് നേരെ ആക്രമണം

Hormuz

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 26, 2026, 10:08 PM | 1 min read


മസ്‌കറ്റ് : ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിന് തൊട്ടുമുമ്പ് തായ്‌വാന്റെ എണ്ണക്കപ്പലിന് നേരെ അജ്ഞാത വസ്തു വന്നിടിച്ചതായി റിപ്പോർട്ട്. രാജ്യാന്തര തലത്തിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള കടൽപ്പാതയിലൂടെ കടന്നുപോകുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ കപ്പലിന് നേരിയ കേടുപാടുകൾ സംഭവിച്ചതായും എന്നാൽ ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.


യുഎസ് വിദേശകാര്യ മന്ത്രാലയവും ഇറാന്റെ പ്രതിനിധികളും തമ്മിലുള്ള നിർണായക ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് എന്നത് പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക വർധിപ്പിക്കുന്നു.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കപ്പലിൽ വന്നിടിച്ചത് ഡ്രോൺ ആണോ അതോ മിസൈൽ ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. തായ്‌വാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ട് പോവുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.


അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയാകുന്നത് ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നതിനും ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതിനും കാരണമായേക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയവും ഒമാൻ കോസ്റ്റ് ഗാർഡും അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home