ad
Deshabhimani

കോർപറേഷനിൽ 
ഭരണസ്‌തംഭനം: എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 26, 2026, 11:31 PM | 3 min read

തിരുവനന്തപുരം

കോർപറേഷൻ ഭരണം സ്‌തംഭനാവസ്ഥയിലാണെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും എൽഡിഎഫ്‌ നേതാക്കൾ. കാപ്പ കേസ്‌ പ്രതിയായ വാഴോട്ടുകോണം ബിജെപി ക‍ൗൺസിലർ സുഗതൻ ജയിലിലായതോടെ പ്രതിസന്ധിയിലായ ബിജെപി, അതിൽനിന്ന്‌ ജനശ്രദ്ധ തിരിക്കുന്നതിനുള്ള നീക്കമാണ്‌ വ്യാഴാഴ്‌ച നടത്തിയത്‌. കോർപറേഷൻ ക‍ൗൺസിലിൽ സുഗതന്റെ ഹാജർ സംബന്ധിച്ച രേഖകളിൽ കൃത്രിമം നടന്നതായി സംശയമുണ്ട്‌. ഇക്കാര്യം അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബോധപൂർവം സംഘർഷം സൃഷ്‌ടിക്കാനുള്ള നീക്കമാണ്‌ മേയർ നടത്തിയതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. കോർപറേഷനിൽ സംഭവിച്ചതിന് മാധ്യമങ്ങൾ സാക്ഷിയാണ്‌. മേയറെ ഓഫീസിൽ കയറ്റില്ലെന്ന്‌ പ്രഖ്യാപിച്ചായിരുന്നില്ല സമരം. എന്നിട്ടും എൽഡിഎഫ്‌ ക‍ൗൺസിലർമാരെയും പൊലീസിനെയും ചവിട്ടിമെതിച്ച്‌ മേയറും സംഘവും അകത്തുകടന്നു. ആക്രമണത്തിൽ തലപൊട്ടിയ ക‍ൗൺസിലർ സിന്ധു ശശി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. എസ്‌ എസ്‌ സിന്ധു, ആർ വീണാകുമാരി എന്നിവരുടെ കാലൊടിഞ്ഞു. പന്ത്രണ്ടോളംപേർക്ക്‌ പരിക്കേറ്റു. എന്നിട്ടും മേയർക്കും ഡെപ്യൂട്ടി മേയർക്കും പരിക്കെന്നാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്‌– ജോയി പറഞ്ഞു. ബിജെപി ഭരണസമിതിയുടെ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു. തെരുവുനായശല്യം കാരണം റോഡിൽ ഇറങ്ങാനാകാത്ത സ്ഥിതിയാണ്‌. മാലിന്യപ്രശ്നവും അതിരൂക്ഷം. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോർപറേഷൻ തയ്യാറാകുന്നില്ല. കാപ്പ പ്രതിയായ സുഗതൻ ക‍ൗൺസിലറായത്‌ ഭീഷണിപ്പെടുത്തി വോട്ട്‌ വാങ്ങിയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അവിശ്വാസം കൊണ്ടുവരുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എൽഡിഎഫ്‌ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ പാർലമെന്ററി പാർടി ലീഡർ എസ്‌ പി ദീപക് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ക‍ൗൺസിലർ രാഖി രവികുമാറും പങ്കെടുത്തു.


ഭരണം സംരക്ഷിക്കാൻ 
ബിജെപി 
നെട്ടോട്ടം

വി എസ്‌ വിഷ്‌ണുപ്രസാദ്‌

തിരുവനന്തപുരം കോർപറേഷനിൽ ആറുമാസംപിന്നിട്ട ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിൽ ബിജെപി. ഒരു സ്വതന്ത്ര ക‍ൗൺസിലറുടെ മാത്രം പിൻബലത്തിൽ ഭരണം ലഭിച്ച ബിജെപി ഇപ്പോൾ ക‍ൗൺസിൽയോഗം വിളിച്ചുചേർക്കാൻപോലും ധൈര്യമില്ലാത്ത ദുരവസ്ഥയിൽ. അതിനിടെ ഒരു ക‍ൗൺസിലർ കാപ്പ കേസിൽ അറസ്‌റ്റിലുമായതോടെ ക‍ൗൺസിലിൽ അജൻഡകൾ പാസാക്കിയെടുക്കാനാകുമോ എന്ന ഭയത്തിലും. കാപ്പ കേസിൽ ജയിലിലായ ക‍ൗൺസിലറെ സംരക്ഷിക്കുന്ന മേയർ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ സമരം ശക്തമാക്കുകയാണ്‌. മാലിന്യസംസ്‌കരണം, കുടിവെള്ളപ്രശ്‌നം, വെള്ളക്കെട്ട്‌, തെരുവുനായശല്യം തുടങ്ങിയ ജനകീയ വിഷയങ്ങളിലൊന്നും നടപടിയില്ല. ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞചെയ്‌ത ക‍ൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കിയതിലും ചട്ടംലംഘിച്ചുവെന്നാരോപിച്ചും എൽഡിഎഫ്‌ നിയമനടപടിയാരംഭിച്ചിട്ടുണ്ട്‌. ജയിലിൽകിടക്കുന്ന സുഗതനും ചട്ടംലംഘിച്ചാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. ഇയാൾക്ക്‌ പുനർസത്യപ്രതിജ്ഞ ചെയ്യാനായിട്ടില്ല. നാലാഴ്‌ചയ്‌ക്കുള്ളിൽ സത്യപ്രതിജ്ഞചെയ്‌തില്ലെങ്കിൽ അയോഗ്യനാക്കപ്പെട്ടേക്കാം. സുഗതനെ ഒരു ദിവസത്തേക്കെങ്കിലും ജയിലിൽനിന്നിറക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ബിജെപി. ഭരണസ്‌തംഭനത്തിനെതിരെ അവിശ്വാസംകൊണ്ടുവരുമെന്ന്‌ യുഡിഎഫും പ്രഖ്യാപിച്ചിട്ടുണ്ട്‌. ആറ്‌ മാസത്തിനിടെ ആറ്‌ ക‍ൗൺസിൽ മാത്രമേ വിളിച്ചുചേർത്തിട്ടുള്ളൂ. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രത്യേക ക‍ൗൺസിൽ വിളിച്ചുചേർക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടാലും ഭരണസമിതി അംഗീകരിക്കാറില്ല. ജനകീയ വിഷയങ്ങളിൽ പ്രതിപക്ഷം ഒരു വിട്ടുവീഴ്‌ചയും കാണിക്കാത്തതിനാൽ ശാന്തമായി ഒരു ക‍ൗൺസിലും അവസാനിപ്പിക്കാൻ മേയർക്ക്‌ കഴിഞ്ഞിട്ടില്ല. ഏകപക്ഷീയമായി അജൻഡകൾ പാസാക്കി ക‍ൗൺസിൽ അവസാനിപ്പിച്ച്‌ ഓടിയൊളിക്കുകയാണ്‌ പതിവ്‌. 40 ദിവസങ്ങൾക്കുശേഷം തിങ്കളാഴ്‌ച ക‍ൗൺസിൽ ചേരുന്നുണ്ട്‌. സുഗതൻ, സത്യപ്രതിജ്ഞ അസാധുവാക്കൽ, എൽഡിഎഫ്‌ ക‍ൗൺസിലർമാർക്കെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങളാൽ യോഗം പ്രക്ഷുബ്‌ധമാകും.


ബിജെപി അടിച്ചാൽ 
മാധ്യമങ്ങൾ കാണില്ല

തിരുവനന്തപുരം

കോർപറേഷനിലെ എൽഡിഎഫ്‌ ക‍ൗൺസിലർമാരെ മേയറും സംഘവും ആക്രമിച്ചത്‌ ലഘൂകരിച്ച്‌ മാധ്യമങ്ങൾ. ആക്രമണം നടന്ന ദിവസം ‘കോർപറേഷനിൽ കൈയാങ്കളി, തമ്മിലടി, സംഘർഷം, സിപിഐ എം ബിജെപി ക‍ൗൺസിലർമാർ ഏറ്റുമുട്ടി’ എന്നായിരുന്നു ദൃശ്യമാധ്യമങ്ങളുടെ വാർത്ത. അടുത്തദിവസം പ്രമുഖ അച്ചടിമാധ്യമങ്ങളാകട്ടെ ‘കൂട്ടയടി, അടിയോടടി, കൂട്ടപ്പൊരിച്ചിൽ, കൈവിട്ടകളി’ എന്നിങ്ങനെ തലക്കെട്ടിൽ വാർത്ത നൽകി എല്ലാം തമാശയാക്കി. 16 എൽഡിഎഫ്‌ ക‍ൗൺസിലർമാരെയാണ്‌ മേയറും സംഘവും ചവിട്ടിമെതിച്ചത്‌. ഒരാളുടെ തലയടിച്ചുപൊട്ടിച്ചു. രണ്ടുപേരുടെ കാലുകൾ ചവിട്ടിയൊടിച്ചു. പത്തിലേറെ പേർക്ക്‌ കാര്യമായ മർദനമേറ്റു. എൽഡിഎഫിന്റെ വനിതാ ക‍ൗൺസിലർമാർക്കാണ്‌ കൂടുതലും പരിക്കേറ്റത്‌ എന്നതും മാധ്യമങ്ങളുടെ തമാശത്തലക്കെട്ടുകളിലൊതുങ്ങി. മാത്രമല്ല, ബിജെപി നേതാക്കള്‍ക്കുമാത്രം പരിക്കേറ്റെന്ന തരത്തില്‍ വാര്‍ത്തയും നൽകി. മേയറും സംഘവും മുദ്രാവാക്യംവിളിച്ചുകൊണ്ട്‌ സമരക്കാർക്കിടയിലേക്ക്‌ ഇടിച്ചുകയറുന്ന ചിത്രങ്ങള്‍ പകര്‍ത്തിയവര്‍പോലും അത് തങ്ങളുടെ മാധ്യമത്തില്‍ നൽകാന്‍ തയ്യാറായില്ല. കോര്‍പറേഷനില്‍ നടന്ന ആക്രമണത്തെ ലഘൂകരിച്ച്‌ ബിജെപിയെ രക്ഷിക്കാനാണ്‌ മാധ്യമങ്ങൾ ശ്രമിച്ചത്‌.


കാലൊടിഞ്ഞ മേയറിതാ നടന്നുവരുന്നു

തിരുവനന്തപുരം

‘ധീരാവീരാ മേയറേ... ധീരതയോടെ നയിച്ചോളൂ...’ വ്യാഴാഴ്‌ച കോർപറേഷനിൽ എൽഡിഎഫ്‌ ക‍ൗൺസിലർമാരെ ‘മലർത്തിയടിച്ച്‌’ വിജയശ്രീലാളിതനായി ‘നടന്നുനീങ്ങിയ’ മേയർ വി വി രാജേഷിനുവേണ്ടി സഹപ്രവർത്തകർ വിളിച്ച മുദ്രാവാക്യം. അരമണിക്കൂർ കഴിഞ്ഞ്‌ കണ്ടതോ, ‘മേയറുടെ കാലൊടിഞ്ഞേ’ എന്ന നിലവിളിശബ്ദത്തോടെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്ലാസ്റ്ററൊക്കെയിട്ട്‌ കിടത്തിയിരിക്കുന്ന റീലും. ബിജെപി സംസ്ഥാന പ്രസിഡന്റും നേതാക്കളുമൊക്കെയെത്തി ഫോട്ടോയും റീൽസുമെടുത്തു. മണിക്കൂറുകൾക്കകംതന്നെ മേയർ ഡിസ്‌ചാർജായി ആശുപത്രിയും വിട്ടു. വെള്ളി പകൽ 11ന്‌ മേയറുടെ വാർത്താസമ്മേളനത്തിന്റെ അറിയിപ്പ്‌ വന്നു. കാലൊടിഞ്ഞ മേയറെ ജീവനക്കാരോ സഹ ക‍ൗൺസിലർമാരോ താങ്ങിയെടുത്ത് വാർത്താസമ്മേളനത്തിനിരുത്തുന്ന കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ചാനൽപ്പടയും. അപ്പോഴതാ, അവർക്കുമുന്നിലേക്ക്‌ നടന്നുവരുന്നു ‘ഇന്നലെ കാലൊടിഞ്ഞ മേയർ’. എന്നിട്ടൊരു ഡയലോഗും ‘എന്റെ കാലിന്‌ പൊട്ടലൊന്നുമില്ല, ഡിസ്‌ലൊക്കേഷൻ മാത്രേയുള്ളൂ’. ‘മേയറുടെ കാൽ തല്ലിയൊടിച്ചു’ എന്ന്‌ വാർത്ത നൽകിയ മാധ്യമപ്രവർത്തകർ പരസ്‌പരം നോക്കിയശേഷം സംയമനംപാലിച്ചു. തലയ്‌ക്കടികൊണ്ട്‌ പലതവണ ഛർദിച്ചുവെന്നു പറഞ്ഞ ഡെപ്യൂട്ടി മേയറും നടന്നുപോയശേഷം കൈക്കും കാലിനും പ്ലാസ്റ്ററിട്ട കൗണ്‍സിലര്‍ വി ജി ഗിരികുമാറുമെല്ലാം സമൂഹമാധ്യമങ്ങളിൽ ട്രോൾ ഏറ്റുവാങ്ങുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home