ad
Deshabhimani

യാത്രക്കാരുടെ ശ്രദ്ധക്ക്! ജൂലൈ ഒന്നു മുതൽ നിയമങ്ങൾ കടുപ്പിച്ച് റെയിൽവേ

Indian Railway

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 26, 2026, 10:34 PM | 2 min read

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ജൂലൈ ഒന്നുമുതൽ റെയിൽവേയിലെ വിവിധ നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജൻ വിശ്വാസ് ആക്ട് ഭേദഗതിയുടെ ഭാഗമായാണ് സാധാരണക്കാരായ യാത്രക്കാരെയും അനധികൃത കച്ചവടക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ കടുത്ത നടപടികൾ പ്രാബല്യത്തിൽ വരുന്നത്.


റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനും അച്ചടക്കം കർശനമാക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങളെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 1 മുതൽ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്.


ടിക്കറ്റില്ലാത്ത യാത്രയ്ക്ക് പിഴ ഇരട്ടിയാകും


ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഇനി മുതൽ കടുത്ത പിഴയാകും ഈടാക്കുക. നിലവിൽ ടിക്കറ്റില്ലാത്ത യാത്രക്ക് ഈടാക്കിയിരുന്ന കുറഞ്ഞ പിഴ 250 രൂപയായിരുന്നു. ജൂലൈ ഒന്നു മുതൽ ഇത് 500 രൂപയായി ഉയരും. ടിക്കറ്റ് നിരക്കിന് പുറമെയാണിത്. പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതെ സ്റ്റേഷനിൽ പ്രവേശിക്കുന്നവർക്കും ഈ വർധനവ് ബാധകമായിരിക്കും.


വനിതാ കോച്ചുകളിൽ കയറിയാൽ പിഴ ഉറപ്പ്


ട്രെയിനുകളിലെ വനിതാ കോച്ചുകളിൽ അതിക്രമിച്ചു കയറുന്ന പുരുഷന്മാർക്കെതിരെ ഇനി മുതൽ കർശന നിയമനടപടിയുണ്ടാകും. ഇത്തരം നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ 2,500 രൂപ വരെയായി ഉയർത്തിയിട്ടുണ്ട്. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.


സ്ലീപ്പർ കോച്ചുകളിലെ ജനറൽ ടിക്കറ്റ് യാത്രക്കാർക്ക് നിയന്ത്രണം


ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചുകളിൽ കയറി യാത്ര ചെയ്യുന്നവർക്കെതിരെയും ഇനി മുതൽ കടുത്ത നടപടിയുണ്ടാകും. കൃത്യമായ ടിക്കറ്റില്ലാതെ ഉയർന്ന ക്ലാസുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും വലിയ തുക പിഴയായി ഈടാക്കാനാണ് റെയിൽവേ ടിടിഇമാർക്ക് നൽകിയിരിക്കുന്ന നിർദേശം. മറ്റൊരാളുടെ പേരിൽ എടുത്ത ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും.


അനധികൃത കച്ചവടവും ഭിക്ഷാടനവും വേണ്ട


ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും അനുമതിയില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെയുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ട്രെയിനുകളിലെ ഭിക്ഷാടനം, യാത്രക്കാരെ ശല്യപ്പെടുത്തിയുള്ള ഇടപെടലുകൾ, പരസ്യമായ മദ്യപാനം, റെയിൽവേ വസ്തുക്കൾ നശിപ്പിക്കൽ എന്നിവക്കും ഇനി മുതൽ വലിയ തുക പിഴയടക്കേണ്ടി വരും. യാത്രക്കാർ കൃത്യമായ ടിക്കറ്റുകൾ എടുത്ത് നിയമങ്ങൾ പാലിച്ച് മാത്രം യാത്ര ചെയ്യണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home