ഫങ് വോങ് കൊടുങ്കാറ്റ്; തായ്‍വാനിൽ 8,300 പേരെ ഒഴിപ്പിച്ചു, സ്കൂളുകൾ പൂട്ടി

തായ്പേയ് : ഫങ് വോങ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ തായ്‍വാനിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു. തീരപ്രദേശങ്ങളിൽ നിന്നും മലയോര മേഖലകളിൽ നിന്നും 8,300 പേരെ ഒഴിപ്പിച്ചു. പ്രദേശത്തെ സ്കൂളുകൾ എല്ലാം അടച്ചു. ഇന്ന് വൈകി കൊടുങ്കാറ്റ് രാജ്യത്തിന്റെ തെക്കൻ തീരം തൊടുമെന്ന് മുന്നറിയിപ്പ് വന്നതിന്റെ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ. ഞായറാഴ്ച ഫങ്-വോങ് ഫിലിപ്പീൻസിൽ ആഞ്ഞടിച്ചിരുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയുടെ ഫലമായി 27 മരണങ്ങളാണ് ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തത്. ഫങ്- വോങ്ങിന് ദിവസങ്ങൾക്കു മുമ്പ് ആഞ്ഞടിച്ച കൽമേഗി ചുഴലിക്കാറ്റിൽ 200ഓളം പേരാണ് ഫിലിപ്പീൻസിൽ മരിച്ചത്.
തായ്‍വാനിലേക്കെത്തുമ്പോൾ കാറ്റിന്റെ വേഗത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിനു മുന്നോടിയായുള്ള കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 51 പേർക്ക് പരിക്കേറ്റതായി നാഷണൽ ഫയർ ഏജൻസി റിപ്പോർട്ട് ചെയ്തു. 8,326 പേരെയാണ് ആകെ ഒഴിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും കിഴക്കൻ ഹുവാലിയൻ കൗണ്ടിയിൽ നിന്നാണ്. സെപ്തംബറിൽ ഇവിടെ വീശിയ ചുഴലിക്കാറ്റിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഹുവാലിയനിൽ വെള്ളപ്പൊക്കത്തിൽ പാലം തകർന്നതിന്റെയും വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

തായ്‍വാനിലെ തെക്ക്- കിഴക്കൻ പ്രവിശ്യകളിലെ തീരദേശ നഗരങ്ങളായ കാവോസിയുങ്, തായ്ചുങ്, തായ്നാൻ, പിങ്ടങ്, ചിയായി, മിയോളി കൗണ്ടി എന്നിവിടങ്ങളിലെ സ്കൂളുകളും ഓഫീസുകളും അടച്ചു. തലസ്ഥാന നഗരമായ തായ്‌പേയിൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച രാവിലെയോടെ, ദക്ഷിണ ചൈനാ കടലിൽ തായ്‌വാനിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) തെക്കുപടിഞ്ഞാറായി ഫങ്-വോങ് മണിക്കൂറിൽ 16 കിലോമീറ്റർ (10 മൈൽ) വേഗതയിൽ വടക്കുകിഴക്കായി നീങ്ങി. വൈകി കര തൊടുമെന്നാണ് കരുതുന്നത്.
ദ്വീപിനു ചുറ്റുമുള്ള നിവാസികൾ കടൽത്തീരത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 3 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഫിലിപ്പീൻസിൽ 6 ലക്ഷത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാസ ഷെൽട്ടറുകളിലാണ്.








0 comments