പശ്ചിമേഷ്യൻ സംഘർഷം; സ്വിസ് വ്യോമപാതയിൽ യുഎസ് സൈനിക വിമാനങ്ങൾക്ക് വിലക്ക്

പ്രതീകാത്മക ചിത്രം
ബേൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആകാശപരിധിയിൽ നിയന്ത്രണമേർപ്പെടുത്തി സ്വിറ്റ്‌സർലൻഡ്. അന്താരാഷ്ട്ര സംഘർഷങ്ങളിൽ രാജ്യം പുലർത്തുന്ന ദീർഘകാല നിഷ്പക്ഷതാ നയം മുൻനിർത്തിയാണ് സ്വിസ് ഫെഡറൽ കൗൺസിൽ ഈ തീരുമാനമെടുത്തത്. ഇതോടെ യുഎസ് സൈനിക വിമാനങ്ങൾക്ക് സ്വിസ് വ്യോമപാതയിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടി വരും.
യുഎസ് നിരീക്ഷണ വിമാനങ്ങളെ അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കാതെ സൈന്യത്തിന്റെ പക്കൽ നിന്നുള്ള രണ്ട് അപേക്ഷകൾ ഞായറാഴ്ച നിരസിച്ചതായി സ്വിസ് ഫെഡറൽ കൗൺസിൽ സ്ഥിരീകരിച്ചു. രണ്ട് ട്രാൻസ്‌പോർട്ട് മിഷനുകളും ഒരു മെയിന്റനൻസ് ഫ്ലൈറ്റും ഉൾപ്പെടെ മറ്റ് മൂന്ന് വിമാനങ്ങൾക്ക് സഞ്ചാരാനുമതി നൽകിയിട്ടുണ്ട്. യുഎസ്, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്ക് ഈ നിഷ്പക്ഷത ഒരുപോലെ ബാധകമാണെന്ന് സ്വിസ് സർക്കാർ ഊന്നിപ്പറഞ്ഞു.
ഇറാനെതിരെയുള്ള യുഎസ് - ഇസ്രായേൽ സംയുക്ത സൈനിക നീക്കമായ ഫെബ്രുവരി 28ന് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് സ്വിറ്റ്‌സർലൻഡിന്റെ ഈ പ്രഖ്യാപനം. സമാധാന ചർച്ചകൾ ഇരുപക്ഷവും നിരസിച്ചതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാവുകയാണ്.










0 comments