ad
Deshabhimani

ഓണം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ കിട്ടിയില്ല; ക്ഷേമപദ്ധതികളും ഓണക്കിറ്റും മുടങ്ങി സാധാരണക്കാർ

ONAM POVERTY

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 06, 2026, 02:23 PM | 3 min read

തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും വിവിധ വിഭാഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നൽകാതെ യുഡിഎഫ് സർക്കാർ. ഓണക്കിറ്റ് വിതരണം പൂർത്തിയാകാത്തത്, ആദിവാസി വയോധികർക്കുള്ള ഓണക്കോടി സഹായം വൈകിയത്, ക്ഷേമപെൻഷൻ വിതരണത്തിലെ അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളിലൊക്കെ വലിയ അനാസ്ഥയും അലംഭാവവുമാണ് യുഡിഎഫ് സർക്കാർ കാണിക്കുന്നത്.


ഓണക്കിറ്റ് വിതരണം ഇനിയും പൂർത്തിയായില്ല


ഓണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം പൂർണമായിട്ടില്ലെന്നാണ് പരാതി. 16 ഇനങ്ങളടങ്ങിയ ഏകദേശം 854 രൂപ വിലവരുന്ന കിറ്റാണ് മഞ്ഞ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി വിതരണം ചെയ്യുമെന്ന് സർക്കാർ പറഞ്ഞിരുന്നത് .


എന്നാൽ വിതരണത്തിനാവശ്യമായ സാധനങ്ങൾ സപ്ലൈകോയിൽ സമയബന്ധിതമായി എത്തിക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് വൻ പ്രതിസന്ധി രൂപപ്പെടുകയും ഓണകിറ്റ് വിതരണം വിവിധ ജില്ലകളിൽ നടക്കാതെ പോവുകയും സാധാരണക്കാരന്റെ ഓണം പട്ടിണിയിലാകുകയും ചെയ്തു.


അവധി ദിവസങ്ങൾ കൂടി വന്നതോടെ പല റേഷൻ കടകളിലും കിറ്റ് വിതരണം വൈകിയിരുന്നു . ഓണത്തിന് മുമ്പ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നിരവധി കുടുംബങ്ങൾക്ക് കിറ്റ് ലഭിച്ചില്ല. ഇതോടെ ഈ പൊള്ളുന്ന വിലക്കയറ്റത്തിൽ സാധാരണക്കാന്റെ ഓണം വറുതിയിലായി


പാലക്കാട് ജില്ലയിൽ മാത്രം 49,944 കിറ്റുകൾ വിതരണം ചെയ്യേണ്ടിയിരുന്നതിൽ 47,414 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. 2,530 കിറ്റുകൾ ഇനിയും വിതരണം ചെയ്യാനുണ്ട് . ആലപ്പുഴയിലും 1,734 എഎവൈ കുടുംബങ്ങൾക്ക് കിറ്റ് ലഭിക്കാനുണ്ടെന്നാണ് കണക്ക്.


ആദിവാസി വയോധികർക്കും സഹായം വൈകി


വയനാട്ടിൽ തിരുവോണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ആദിവാസി വയോധികർക്കുള്ള ഓണക്കോടി സഹായം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു. മൂന്ന് താലൂക്കുകളിലായി 790 പേർക്ക് 1,000 രൂപയുടെ സഹായം ലഭിക്കാനുണ്ട്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും ബാങ്കിൽ നേരിട്ട് എത്താൻ കഴിയാത്ത കിടപ്പുരോഗികളുമാണ് പ്രധാനമായും പ്രതിസന്ധിയിലായത്.


ആദ്യഘട്ടത്തിൽ വസ്ത്രം നൽകാനായിരുന്നു സർക്കാർ തീരുമാനിച്ചത്. എന്നാൽ വസ്ത്രം സമയത്ത് ലഭിക്കില്ലെന്ന് വ്യക്തമായതോടെ പകരം തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകാൻ തീരുമാനിച്ചു. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും കിടപ്പുരോഗികൾക്കും നേരിട്ട് തുക എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പലർക്കും ഓണത്തിന് ശേഷവും സഹായം ലഭിച്ചില്ലെന്നാണ് പരാതി.


പ്രകൃതിക്ഷോഭ ദുരിതാശ്വാസ പട്ടികയിലും തുക വിതരണത്തിലും വിവാദം


സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭബാധിത കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പട്ടികയിൽ അർഹരെ ഒഴിവാക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. വെള്ളപൊക്കം കാര്യമായി ബാധിച്ച ആലപ്പുഴ ജില്ലയിലെ അപ്പർ ,ലോവർ കുട്ടനാട് പ്രദേശങ്ങൾ,ചെങ്ങന്നുർ,പത്തനംതിട്ട ജില്ലയുടെ റാന്നിയുൾപ്പടെയുള്ള വിവിധ വിവിധ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രളയധനസഹായമായ 10000 രൂപ ഇതുവരെ എത്തിയിട്ടില്ല. പഞ്ചായത്തുകൾ അപേക്ഷകൾ അർഹതപെട്ടവരിൽ നിന്ന് സ്വീകരിച്ചെങ്കിലും ഇതുവരെ സഹായം എത്തിയിട്ടില്ല.


ക്ഷേമപെൻഷനിലും അനിശ്ചിതത്വം


ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിലും ഇതുവരെ വ്യക്തമായ തുടർനടപടികളുണ്ടായിട്ടില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി.


ആഗസ്ത് മാസത്തെ ക്ഷേമ പെൻഷനുകൾ ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 19 മുതൽ വിതരണം ചെയ്യാൻ സർക്കാർ തുക അനുവദിച്ചിരുന്നു.എന്നാൽ, സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തലാക്കാനും പകരം ആധാർ അധിഷ്ഠിത ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി ) രീതിയിലേക്ക് മാറാനുമുള്ള സർക്കാർ തീരുമാനവും, ജീവൻ രേഖ പോർട്ടലിലെ സാങ്കേതിക തകരാറുകളും കാരണം പെൻഷൻ മസ്റ്ററിങ് വൈകിയതും പല ഗുണഭോക്താക്കൾക്കും കൃത്യസമയത്ത് തുക ലഭിക്കാതിരിക്കാൻ കാരണമായി


ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കൾക്കിടയിൽ ഇതോടെ ആശങ്ക വർധിച്ചു. പുതിയ അക്കൗണ്ട് വേണമോ, നിലവിലുള്ള അക്കൗണ്ട് മതിയോ, പെൻഷൻ സൈറ്റിലെ വിവരങ്ങൾ എങ്ങനെ പുതുക്കണം തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ലെന്നാണ് പരാതി.


ഏകദേശം 23.14 ലക്ഷം പേരാണ് മുമ്പ് വീട്ടിലെത്തിയായിരുന്നു ക്ഷേമപെൻഷൻ സ്വീകരിച്ചിരുന്നത്. സർക്കാരിന്റെ കാര്യങ്ങളിൽ വ്യക്തതയില്ലാത്ത ഈ നയം സാധാരണക്കാരായ വയോജനങ്ങളെ ഈ ഓണകാലത് വലക്കുകയുണ്ടായി.


വിലക്കയറ്റവും സർക്കാർ ഇടപെടലും ചർച്ചയിൽ


ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില ഉയർന്നിട്ടും വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന വിമർശനവും ശക്തമാണ്. സാധാരണക്കാർക്ക് ആശ്വാസമാകേണ്ട ഓണക്കിറ്റ് വിതരണം പോലും സമയബന്ധിതമായി പൂർത്തിയാക്കാനാകാത്തത് സർക്കാരിന്റെ ഭരണപരമായ വീഴ്ചയാണെന്നാണ് വിമർശനം.


ഇതിനിടെ ഓണം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള ബത്ത 500ൽ നിന്ന് 1,000 രൂപയാക്കി ഉയർത്തിയെന്ന പ്രഖ്യാപനത്തിലും വിമർശനമുണ്ട്. നാല് പൊതുഅവധി ദിവസങ്ങളിലും ജോലി ചെയ്തവർക്ക് മാത്രമാണ് 1,000 രൂപ ലഭിക്കുകയെന്നും ഭൂരിഭാഗം പൊലീസുകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നുമാണ് ആരോപണം.


വിവിധ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ വിഷയങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഉയരുന്നത്.


ഓണം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾക്കായി കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം സർക്കാരിന്റെ ക്ഷേമനടപടികളെയും ഭരണസംവിധാനത്തെയും ചൊല്ലിയുള്ള രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home