ഒരൊറ്റ ദിവസം കൊണ്ട് പിന്നിലാക്കിയത് നാല് വമ്പൻ ഹിറ്റുകളെ; 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന് മുന്നിൽ ഇനി 'എമ്പുരാനും' 'ലോക'യും

കൊച്ചി: ബോക്സ് ഓഫീസിൽ കുതിക്കുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 250 കോടി ക്ലബ്ബിൽ കടന്നതിന് പിന്നാലെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയിലും വേഗത്തിൽ കയറിക്കൂടിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ആഗോള കളക്ഷൻ 250 കോടി കടന്നിട്ടുണ്ട്.
ഒറ്റ ദിവസത്തെ കുതിപ്പിൽ തന്നെ ‘തുടരും’, ‘വാഴ 2’, ‘ദൃശ്യം 3’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയുടെ ലൈഫ് ടൈം കളക്ഷൻ മറികടന്നതായാണ് ബോക്സ് ഓഫീസ് ട്രാക്കിങ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‘തുടരും’ 234–235 കോടിയിലും ‘വാഴ 2’ ഏകദേശം 234–236 കോടിയിലും അവസാനിച്ചു. ‘ദൃശ്യം 3’ 238.61 കോടി നേടിയപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’ 242.30 കോടിയായിരുന്നു നേടിയത്.
ഇതെല്ലാം മറികടന്നതോടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇപ്പോൾ മലയാള സിനിമയുടെ ആഗോള കളക്ഷൻ പട്ടികയിൽ മുൻനിരയിലേക്ക് എത്തിയിരിക്കുകയാണ്. ഇനി മുന്നിലുള്ളത് രണ്ട് വലിയ പേരുകൾ മാത്രം. ‘എമ്പുരാൻ’ 265–268 കോടി രൂപയും ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ 300 കോടിക്ക് മുകളിലുമാണ് ആഗോള കളക്ഷൻ നേടിയത്.
നിലവിലെ കുതിപ്പ് തുടരുകയാണെങ്കിൽ ‘എമ്പുരാൻ’ മറികടക്കാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്’ വലിയ ദൂരം ഇനി ബാക്കിയില്ല. അത് കഴിഞ്ഞാൽ ‘ലോക’യുടെ റെക്കോർഡാണ് വലിയ ലക്ഷ്യം.
ഈ വിജയത്തെ നിവിൻ പോളിയുടെ തിരിച്ചുവരവ് എന്നൊരു വരിയിൽ മാത്രം ചുരുക്കാനാകില്ല. നിവിന്റെ കരിയറിലെ ആദ്യ 200 കോടി ചിത്രവും ആദ്യ 250 കോടി ചിത്രവും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തന്നെയാണ്. നിവിന് ഇത് ആദ്യ 200 കോടി വിജയം ആണെങ്കിൽ, മമിതയ്ക്ക് 200 കോടി ക്ലബ്ബിലെ ഹാട്രിക്കാണ്.
‘പ്രേമം’ കാലത്തെ നിവിന്റെ സ്വാഭാവികമായ സ്ക്രീൻ പ്രസൻസും കുടുംബപ്രേക്ഷകരുമായുള്ള ബന്ധവും വീണ്ടും വലിയ രീതിയിൽ പ്രവർത്തിച്ചുവെന്ന വിലയിരുത്തലുകളുണ്ട്. നിവിൻ തന്നെ ഇതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമെന്ന് പറഞ്ഞിട്ടുണ്ട്.
അതേസമയം മമിത ബൈജുവിനും ഈ വിജയം അത്ര തന്നെ പ്രധാനമാണ്. 2026ൽ 200 കോടി കടന്ന മൂന്ന് സിനിമകളുടെ ഭാഗമായ ഏക ഇന്ത്യൻ നടിയാണ് മമിത. ‘ജനനായകൻ’, ‘വിശ്വനാഥ് ആൻഡ് സൺസ്’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നിവയാണ് ആ മൂന്ന് ചിത്രങ്ങൾ.
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിന് കുടുംബപ്രേക്ഷകരിൽ നിന്നാണ് ഏറ്റവും ശക്തമായ പിന്തുണ ലഭിച്ചത്. റിലീസിന്റെ മൂന്നാം വാരത്തിലും കളക്ഷനിൽ വലിയ ഇടിവില്ലാതെ തുടരുന്നത് തന്നെയാണ് സിനിമയുടെ കരുത്ത്. പതിനഞ്ചാം ദിവസം ഇന്ത്യയിൽ കളക്ഷൻ 44 ശതമാനത്തിലധികം ഉയർന്നതും പിന്നാലെ പതിനാറാം ദിവസവും വളർച്ച തുടർന്നതും ചിത്രത്തിന്റെ ശക്തമായ വാക്ക് ഓഫ് മൗത്തിന്റെ സൂചനയാണ്.
സംവിധായകൻ ഗിരീഷ് എ ഡിയും മുഴുവൻ ടീമും പങ്കിടുന്ന വിജയമാണ് ഇത്. ഒരു കുടുംബചിത്രം മൂന്നാം വാരത്തിലും ഇത്ര ശക്തമായി തിയേറ്ററുകളിൽ തുടരുന്നത് തന്നെയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വ്യത്യസ്തമാക്കുന്നത്. ഇനി ‘എമ്പുരാൻ’ കടക്കുമോ, 300 കോടി ക്ലബ്ബിൽ എത്തി ‘ലോക’യ്ക്കും വെല്ലുവിളിയാകുമോ എന്നതാണ് ബോക്സ് ഓഫീസ് പ്രേക്ഷകർ നോക്കുന്നത്.









0 comments