കേന്ദ്ര സര്‍ക്കാരിന്റെ കൽക്കരി സംഭരണം പാളി: വൈദ്യുതി പ്രതിസന്ധി കേരളത്തിലേക്കും

കൽക്കരി
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കൽക്കരി സംഭരണം പാളിയതോടെ കേരളത്തിലേക്കും പ്രതിസന്ധി നീളുമെന്ന് വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ കടുത്ത വീഴ്ചയ്ക്ക് പിന്നാലെ മുൻകരുതലുകൾ എടുക്കുന്നതിലുള്ള കെഎസ്ഇബിയുടെ പരാജയവും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
36 ദശലക്ഷം വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡിൽ നിന്ന് പ്രതിദിനം ലഭിക്കുന്നത്. ഇതിൽ 12 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ 190 താപനിലയങ്ങളിൽ 50 എണ്ണവും പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്. പലയിടത്തുമുള്ളത് ഒരാഴ്ചത്തേക്കുള്ള കൽക്കരി മാത്രമാണ്.
കേന്ദ്ര ഗ്രിഡിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 12 ദശലക്ഷം യൂണിറ്റ് ഒഴികെ, മറ്റെല്ലാ മാർഗങ്ങളിലൂടെയും കിട്ടുന്നത് താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ്. കൂടിയ വിലയ്ക്ക് വാങ്ങാൻ തയ്യാറായാൽപോലും പവർ എക്സ്ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണ്.
രാജ്യം വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് എത്തുകയാണ്. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം അപകടകരമാംവിധം കുറഞ്ഞതിനെ തുടർന്ന് രാജ്യവ്യാപകമായി വൈദ്യുതി ഉത്പാദനം താളംതെറ്റിയിരിക്കുന്നു.
കൽക്കരി സംഭരണം പാളിയതിന് കനത്ത മൺസൂണും ഗതാഗത തടസവും ന്യായമായി കേന്ദ്രം ഉയര്‍ത്തി കാട്ടുന്നു. എന്നാൽ ഓരോ വർഷവും ആവർത്തിക്കുന്ന മഴക്കാലം മുൻകൂട്ടി കണ്ട് സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വരുത്തിയ വൻ വീഴ്ചയാണ് നിലവിലെ തിരിച്ചടിക്ക് കാരണമായിരിക്കുന്നത്.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ 190 താപവൈദ്യുത നിലയങ്ങളിൽ 50 എണ്ണവും കൽക്കരി ക്ഷാമത്തിലാണ്. സാധാരണയായി 19 ദിവസത്തേക്കുള്ള കൽക്കരി സംഭരിക്കേണ്ട സ്ഥാനത്ത് 9 ദിവസത്തേക്കുള്ള 28.2 ദശലക്ഷം ടൺ കൽക്കരി (ആവശ്യമായതിന്റെ 48% മാത്രം) മാത്രമാണ് നിലവിലുള്ളത്.
മഴക്കാലത്തിന് മുൻപേ കൽക്കരി എത്തിക്കുന്നതിൽ കേന്ദ്ര മന്ത്രാലയങ്ങൾക്ക് വീഴ്ച സംഭവിച്ചതോടെ കേന്ദ്ര ഗ്രിഡിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം കുത്തനെ വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇതാണ് കേരളത്തിനും തിരിച്ചടി തീര്‍ക്കുന്നത്.
കേന്ദ്ര ഗ്രിഡിനെ മാത്രം കണ്ണടച്ച് വിശ്വസിച്ചതാണ് കേരളത്തിന് തിരിച്ചടിയായത്. കേന്ദ്ര വിഹിതത്തിൽ ദിവസേന 12 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടായതോടെ സംസ്ഥാനം ഇരുട്ടിലാകുന്ന അവസ്ഥയിലെത്തി. കേരളത്തിലെ പ്രതിദിന ഉപയോഗം 94 ദശലക്ഷം യൂണിറ്റാണ്.
സ്വന്തമായി ഉത്പാദിപ്പിക്കുന്നത് വെറും 26 ദശലക്ഷം യൂണിറ്റ് മാത്രമാണ് (ജലവൈദ്യുതി 23, സോളാർ 3). ബാക്കി വേണ്ട 68 ദശലക്ഷം യൂണിറ്റിൽ 56 ദശലക്ഷം യൂണിറ്റും താപവൈദ്യുതിയെ ആശ്രയിച്ചാണ് കണ്ടെത്തുന്നത്.
വേനൽക്കാലത്തിന് പിന്നാലെ കൃത്യമായ പവർ പർച്ചേസ് കരാറുകളിൽ ഏർപ്പെടാനോ മറ്റ് ബദൽ ഉത്പാദന മാർഗ്ഗങ്ങൾ സജ്ജമാക്കാനോ കെഎസ്ഇബി നടപടി ഉണ്ടായില്ല. പവർ എക്സ്ചേഞ്ചുകളിൽ വൻ തുക നൽകിയാൽ പോലും വൈദ്യുതി കിട്ടാത്ത അവസ്ഥയാണിപ്പോൾ.
ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ മഴ തുടരുന്നതും, ട്രക്കുകളിൽ കൽക്കരി നനഞ്ഞ് ഗുണനിലവാരം നഷ്ടപ്പെടുന്നതും ഇപ്പോഴത്തെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന വൈദ്യുതി വകുപ്പുകളുടെ ആസൂത്രണമില്ലായ്മ മൂലം ജനങ്ങൾ ഇരുട്ടിലാവുന്ന സാഹചര്യമാണ് തുടരുന്നത്.









0 comments