തൃശൂർ ടൈറ്റൻസിന്റെ കിരീട യാത്ര: യുവ സംഘത്തിന്റെ വിജയ ഗാഥ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ തൃശൂർ ടൈറ്റൻസിന്റെ കന്നിക്കിരീടത്തിന് പിന്നിൽ യുവതാരങ്ങളുടെ ഓൾറൗണ്ട് മികവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ആഴമുള്ള നിരയുമായാണ് തൃശൂർ കിരീടത്തിലേക്ക് കുതിച്ചത്. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവാക്കൾ നിർണായക ഘട്ടങ്ങളിൽ പുറത്തെടുത്ത പ്രകടനങ്ങളാണ് ടീമിന്റെ വിജയത്തിന് കരുത്തായത്.
തൃശൂരിന്റെ ബാറ്റിങ് നിരയിൽ നിഖിൽ തോട്ടത്ത്, മുഹമ്മദ് എനാൻ തുടങ്ങിയ യുവതാരങ്ങൾ ശ്രദ്ധേയമായി. ടീമിന്റെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ പേരുകളിലൊന്നാണ് മുഹമ്മദ് എനാൻ. വമ്പൻ ഷോട്ടുകളിലൂടെ അതിവേഗം റൺ നേടുന്ന താരമായി മാറിയ എനാൻ സീസണിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള താരമായി. 238.3 സ്ട്രൈക്ക് റേറ്റാണ് താരത്തിന്റേത്. പ്രോമിസിങ് യങ്സ്റ്റർ പുരസ്കാരവും എനാനെ തേടിയെത്തി.
അഹമ്മദ് ഇമ്രാൻ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റിങ് താരമായി. ഫൈനലിൽ 49 പന്തുകളിൽ നിന്ന് 69 റൺസ് (7 ഫോറുകളും 2 സിക്സറുകളും) നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച് ഫൈനലിലെ 'പ്ലെയർ ഓഫ് ദി മാച്ച്' ആയി തെരഞ്ഞെടുക്കപ്പെട്ടു.
ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും തൃശൂരിന്റെ യുവതാരങ്ങൾ നിർണായകമായി. ഫൈനലിൽ അബ്ദുൾ റമീസ് മൂന്ന് വിക്കറ്റ് വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന്റെ റൺവേഗം തടഞ്ഞപ്പോൾ ആനന്ദ് ജോസഫും ശരത് ചന്ദ്ര പ്രസാദും രണ്ട് വിക്കറ്റ് വീതം നേടി.
കൃത്യതയാർന്ന ബൗളിങ്ങിലൂടെ ശരത് ചന്ദ്ര പ്രസാദ് മികച്ച പ്രകടനം പുറത്തെടുത്തു. ഒരു മത്സരത്തിൽ ബാറ്റിങ് നിര തിളങ്ങുമ്പോൾ മറ്റൊന്നിൽ ബൗളർമാർ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലുള്ള കൂട്ടായ പ്രകടനമാണ് ടീമിനെ മുന്നിലെത്തിച്ചത്.
യുവതാരങ്ങൾ കാണിച്ച ഉത്തരവാദിത്തമാണ് തൃശൂർ ടൈറ്റൻസിന്റെ വിജയത്തിന്റെ പ്രധാന പ്രത്യേകത. നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് നേടാനും സ്കോർ ഉയർത്താനും അവസാന ഓവറുകളിൽ സമ്മർദം കൈകാര്യം ചെയ്യാനും കഴിയുന്ന താരനിര ടീമിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടൈറ്റൻസിന്റെ കന്നിക്കിരീടം ഒരാളുടെ മികവിന്റെ കഥയല്ല, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കൈകോർത്ത യുവസംഘത്തിന്റെ വിജയകഥയാണ്.
തൃശൂർ പൂരത്തിന്റെ ആവേശം ഓർമിപ്പിക്കുന്ന ആനയുടെ മുഖമുള്ള ലോഗോയും മഞ്ഞയും പച്ചയും കലർന്ന ജഴ്‌സിയും ടീമിന്റെ പ്രാദേശിക ഐഡന്റിറ്റി വ്യക്തമാക്കുന്നതാണ്. ‘വെടിക്കെട്ട്’ എന്ന ആശയത്തിനൊത്ത ആവേശം കളിക്കളത്തിലും പ്രകടമാക്കി, ആദ്യ ഫൈനലിൽ തന്നെ കിരീടം സ്വന്തമാക്കി ടൈറ്റൻസ് കേരള ക്രിക്കറ്റിൽ പുതിയൊരു അധ്യായം കുറിച്ചു.









0 comments