തെരച്ചിൽ തുടരുന്നു: വനത്തിൽ വിറകിന് പോയ വൃദ്ധയെ കണ്ടെത്താനായില്ല

ചിറ്റാർ: ചിറ്റാർ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയി കാണാതായ വയോധികയ്ക്കായി ചെരച്ചിൽ തുടരുന്നു. ചിറ്റാർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കട്ടച്ചിറയിൽ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മ (84) ആണ് കാണാതായത്. സെപ്‌തംബർ രണ്ട് രാവിലെ 10ന് ആണ് വിറക് ശേഖരിക്കാനായി വനത്തിനുള്ളിലേക്ക് കുട്ടിയമ്മ പോയതെന്ന് സമീപവാസികൾ പറയുന്നു.
കുട്ടിയമ്മയ്ക്കായി വനപാലകരും പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. സാധാരണ എല്ലാ ദിവസവും വിറക് ശേഖരിക്കാൻ കുട്ടിയമ്മ കട്ടച്ചിറ വനമേഖലയിൽ പോകുന്നതാണ്. രാവിലെ പോയാൽ ഒരു മണിയോടുകൂടി തിരിച്ചെത്താറുണ്ട്. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ചിറ്റാർ പഞ്ചായത്തിലെ പ്രദേശമാണ് കട്ടചിറ. ചിറ്റാർ, രാജപാറ, തണ്ണിത്തോട്സ്റ്റേഷനുകളിലെ വനപാലകരും വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും ചിറ്റാർ പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശവാസികളും ഒപ്പമുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഡോഗ് സ്‌ക്വാഡും തെരച്ചിൽ നടത്തി. കട്ടച്ചിറയിൽ മകൻ മുരളിയോടൊപ്പമാണ് കുട്ടിയമ്മ താമസിച്ചിരുന്നത്. വനത്തിനുള്ളിലേക്ക് കയറിപ്പോയ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ സമീപത്തായി കുട്ടിയമ്മയുടെ തോർത്തും കവറും ഒരു കുപ്പി വെള്ളവും വെച്ചിട്ടാണ് പോയത് ഇതവിടെ ഇരിപ്പുണ്ട്. സംഭവം അറിഞ്ഞ് അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം
ടി കെ സജി, പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ബീവി, വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീവിദ്യ ബിജു എന്നിവരും സ്ഥലത്ത് എത്തി. ആവശ്യമെങ്കിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തണമെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.









0 comments