ad
Deshabhimani

വിനോദ സഞ്ചാര കപ്പലിൽ അപൂര്‍വമായ ഹന്റാവൈറസ് ബാധ; മൂന്ന് മരണം

virus
വെബ് ഡെസ്ക്

Published on May 04, 2026, 02:39 PM | 2 min read

കേപ് വെർഡെ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ പര്യടനം നടത്തുന്ന വിനോദ സഞ്ചാര കപ്പലിൽ അപൂർവമായ വൈറസ് ബാധ കണ്ടെത്തി. കപ്പലിലുണ്ടായിരുന്ന മൂന്നുപേര്‍ മരണപ്പെട്ടതായും മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിപ്പിൽ വ്യക്തമാക്കി. ജീവികളിൽ നിന്നും പടരുന്ന അപൂര്‍വമായ ഹന്റാവൈറസ് ആണ് യാത്രികരെ ബാധിച്ചത്.


അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഡച്ച് ക്രൂയിസ് കപ്പലായ 'എംവി ഹോണ്ടിയസിൽ' ആണ് ആശങ്ക ഉയര്‍ത്തി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ചവരിൽ നെതർലൻഡ്‌സ് സ്വദേശികളായ പ്രായമായ ദമ്പതികളും ഉൾപ്പെടുന്നു.


മൂന്നാഴ്ച മുമ്പ് അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പൽ അന്റാർട്ടിക്കയും ഫാൽക്ക്‌ലൻഡ് ദ്വീപുകളും സന്ദർശിച്ച് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുന്നതിനിടെയാണ് രോഗബാധയുണ്ടായത്. ഏകദേശം 150 വിനോദസഞ്ചാരികളും 70 ജീവനക്കാരുമാണ് കപ്പലിലുള്ളത്.


കപ്പലിലെ യാത്രക്കാരനായിരുന്ന 70 വയസ്സുകാരൻ യാത്രാമധ്യേ മരണപ്പെട്ടു. സെന്റ് ഹെലീന ദ്വീപിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കപ്പലിൽ നിന്ന് മാറ്റിയത്. മരിച്ച വ്യക്തിയുടെ ഭാര്യ നാട്ടിലേക്ക് മടങ്ങാനായി ദക്ഷിണാഫ്രിക്കയിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയും തൊട്ടടുത്തുള്ള ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു. മൂന്നാമതൊരാൾ കൂടി കപ്പലിൽ വെച്ച് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം നിലവിൽ കേപ് വെർഡെ തീരത്തുള്ള കപ്പലിൽ തന്നെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.


രണ്ട് ജീവനക്കാർക്ക് കൂടി ഗുരുതരമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ അടിയന്തര ചികിത്സയ്ക്കായി കേപ് വെർഡെയിൽ ഇറക്കാൻ അനുമതി കാത്തിരിക്കുകയാണ്. ഒരു ബ്രിട്ടീഷ് പൗരൻ നിലവിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


കപ്പൽ ഇപ്പോൾ ആഫ്രിക്കൻ തീരത്തെ കേപ് വെർഡെ ദ്വീപിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ആരെയും പുറത്തിറങ്ങാൻ പ്രാദേശിക അധികൃതർ ഇതുവരെ അനുവദിച്ചിട്ടില്ല.


ship


എന്താണ് ഹന്റാവൈറസ്


എലി, മറ്റ് കരണ്ടുതീനികൾ എന്നിവയുടെ മൂത്രം, കാഷ്ഠം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് എത്തുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന 'ഹന്റാവൈറസ് പൾമണറി സിൻഡ്രോം', വൃക്കകളെ ബാധിക്കുന്ന 'ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം' എന്നിങ്ങനെ രണ്ട് ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകുന്നു. സാധാരണഗതിയിൽ മൃഗങ്ങളിൽ നിന്നാണ് പടരുന്നതെങ്കിലും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും അപൂര്‍വ സന്ദര്‍ഭങ്ങളിൽ പകരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.


രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. വൈറസിന്റെ ജനിതക ശ്രേണീകരണം (Sequencing) നടന്നുവരികയാണ്. ദക്ഷിണാഫ്രിക്കയിൽ രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികളും ഊർജ്ജിതമാക്കി.


ഉയര്‍ന്ന മരണനിരക്ക്


ഹന്റാവൈറസ് ഇതിനുമുമ്പും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഭീതിക്ക് കാരണമായിട്ടുണ്ട്. പ്രധാനമായും എലികളിൽ നിന്നും മറ്റ് കരണ്ടുതീനികളിൽ നിന്നും പടരുന്ന ഈ വൈറസ്, ഉയർന്ന മരണനിരക്കുള്ള ഒന്നായതുകൊണ്ടാണ് ആരോഗ്യ വിദഗ്ധർ ഇതിനെ ഗൗരവമായി കാണുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹന്റാവൈറസ് ബാധിച്ചാൽ മരണനിരക്ക് 38% മുതൽ 50% വരെ ഉയരാം. ഇത് കോവിഡ്-19 പോലുള്ള രോഗങ്ങളേക്കാൾ വളരെ കൂടുതലാണ്.


ഹന്റാവൈറസ് ആദ്യമായി ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത് 1950 കളിലെ കൊറിയൻ യുദ്ധകാലത്താണ്. അന്ന് മൂവായിരത്തോളം ഐക്യരാഷ്ട്രസഭാ സൈനികർക്ക് കഠിനമായ പനിയും ആന്തരിക രക്തസ്രാവവും വൃക്കസ്തംഭനവും ഉണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home