യുഎസിന്റേത് യുദ്ധക്കുറ്റം: ചേരിചേരാപ്രസ്ഥാനം
print edition ലോകമെങ്ങും ജനരോഷം ; ട്രംപിനെതിരെ സെനറ്റർമാർ

വെനസ്വേലയ്‌ക്ക് പിന്തുണയുമായി ബ്രസീലിലെ റിയോഡി ജനീറോയിൽ പ്രതിഷേധിക്കുന്നവർ ഫോട്ടോ: എഎഫ്‌പി
കരാക്കസ്
യുഎസിന്റെ വെനസ്വേല അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധം ലോകമെന്പാടും അലയടിക്കുന്നു. തൊഴിലാളി യൂണിയനുകളുടെയും വിദ്യാർഥി– യുവജന സംഘടനകളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. ബെൽജിയം, ക്യൂബ, അർജന്റീന, കൊളംബിയ, ഇക്വഡോർ, മെക്സിക്കോ, പ്യൂർട്ടോ റിക്കോ, ഉറുഗ്വേ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ തിങ്കളാഴ്‌ചയും ജനം തെരുവിലിറങ്ങി. ബെൽജിയത്തിലെ ബ്രസൽസിൽ, നൂറുകണക്കിന് ആളുകൾ യുഎസ് എംബസിക്ക് മുന്നിൽ പ്രകടനം നടത്തി.
മെക്‌സികോയിൽ വെനസ്വേലൻ എംബസിക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ ഐക്യദാർഢ്യവുമായി ഒത്തുകൂടി. ഇറ്റലിയിലെ റോമിലെയും ഫ്രാൻസിലെ പാരീസിലെയും യുഎസ് എംബസിക്ക് പുറത്ത് വെനസ്വേല ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. ക്യുബയിൽ സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യൂബൻ വർക്കേഴ്സിന്റെ (സിടിസി) നേതൃത്വത്തിൽ തൊഴിലാളികൾ വെനസ്വേലൻ ഐക്യദാർഢ്യദിനം ആചരിച്ചു.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ ഫെഡറൽ കോടതിമുറിക്ക് മുന്നിൽ ആയിരക്കണക്കിന് ആളുകൾ അമേരിക്കൻ വിരുദ്ധ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു. സ്പെയിനിലെ മാഡ്രിഡിലെ യുഎസ് എംബസിക്ക് പുറത്തും പ്രതിഷേധക്കാർ ഒത്തുകൂടി.
അർജന്റീനയിലെ യുഎസ് എംബസിക്ക് പുറത്ത് പ്രതിഷേധപ്രകടനം നടന്നു. ബ്യൂണസ് അയേഴ്‌സിലെ യുഎസ് എംബസിയിലേക്ക് ഇടതുപക്ഷ സംഘടനകളും തൊഴിലാളി യൂണിയനുകളും മാർച്ച് നടത്തി.
അമേരിക്കൻ നഗരങ്ങളിലും ട്രംപിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മിനപൊളിസ്, ഫിലാഡൽ-ഫിയ, വാഷിങ്‌ടൺ, ചിക്കാഗോ, ന്യൂയോർക്ക് സിറ്റി, സാൻഡിയാഗോ, ബോസ്‌റ്റൺ തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
ട്രംപിനെതിരെ സെനറ്റർമാർ
വെനസ്വേലയിലെ യുഎസ് നടപടികളുടെ നിയമസാധുതയെ ചോദ്യംചെയ്‌ത് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ. വെനിസ്വേലൻ മണ്ണിൽ പ്രസിഡന്റ് ട്രംപ് നടത്തിയ കടുത്ത സൈനിക നടപടി കോൺഗ്രസിനെ അറിയിച്ചിരുന്നില്ലെന്നും ഇത് അമേരിക്കൻ ജനതയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമാണെന്നും സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗവും ന്യൂ ഹാംഷെയർ ഡെമോക്രാറ്റിക് സെനറ്ററുമായ ജീൻ ഷഹീൻ പറഞ്ഞു.വിഷയത്തിൽ പരസ്പരവിരുദ്ധവുമായ വിശദീകരണങ്ങൾ നൽകി ഭരണകൂടം അമേരിക്കൻ ജനതയെയും ജനപ്രതിനിധികളെയും നിരന്തരം തെറ്റിദ്ധരിപ്പിച്ചുവെന്നും ഷഹീൻ പറഞ്ഞു. വെനസ്വേലയിൽ ലക്ഷ്യമിടുന്നത് ഭരണമാറ്റമല്ലെന്നാണ് സെക്രട്ടറിമാരായ റൂബിയോയും ഹെഗ്‌സെത്തും ഏതാനും ആഴ്ചകൾക്ക് മുമ്പ് സെനറ്റിൽ പറഞ്ഞതെന്ന് ന്യൂജേഴ്‌സി ഡെമോക്രാറ്റിക് സെനറ്റർ ആൻഡി കിം പറഞ്ഞു.
ഈ യുദ്ധം നിയമവിരുദ്ധമാണെന്നും വെനസ്വേലയുമായി നമുക്ക് യുദ്ധത്തിൽ ഏർപ്പെടേണ്ടതിന് തക്കതായ ഒരു കാരണവുമില്ലെന്നും അരിസോണയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ റൂബൻ ഗാലെഗോ പറഞ്ഞു.
കോൺഗ്രസിന്റെ അംഗീകാരം തേടാതെയുള്ള നീക്കത്തിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാരും രംഗത്ത് എത്തി. ഇതിനല്ല തങ്ങൾ വോട്ടുചെയ്‌തതെന്ന് കെന്റക്കിയിൽനിന്നുള്ള കോൺഗ്രസ് അംഗം തോമസ് മാസി സമൂഹമാധ്യമത്തിൽ വിമർശിച്ചു. സർക്കാർ ഒരിക്കലും അവസാനിക്കാത്ത സൈനിക ആക്രമണങ്ങളെ പിന്തുണയ്ക്കുന്നത് അമേരിക്കക്കാർ വെറുക്കുന്നുവെന്നും ഇതിന് പണം നൽകാൻ ജനം നിർബന്ധിക്കപ്പെടുകയാണെന്നും ജോർജിയയിൽ നിന്നുള്ള കോൺഗ്രസ് അംഗം മാർജോറി ടെയ്‌ലർ ഗ്രീൻ സമൂഹമാധ്യമത്തിൽ എഴുതി.
യുഎസിന്റേത് യുദ്ധക്കുറ്റം: ചേരിചേരാപ്രസ്ഥാനം
വെനസ്വേലയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയത് യുദ്ധക്കുറ്റമാണെന്ന് ചേരാചേരാ പ്രസ്ഥാനം. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമവും നഗ്നമായി ലംഘിച്ചാണ് യുഎസ് വെനസ്വേലയെ ആക്രമിച്ചതെന്ന് ചേരിചേരാ പ്രസ്ഥാനത്തിന്റെ ഏകോപന ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. യുഎസ് സാമ്രാജ്യത്വ ആക്രമണ നടപടിയെ അപലപിച്ചു. യുഎൻ ചാർട്ടറിന്റെ ലക്ഷ്യങ്ങളെയും തത്വങ്ങളെയും അന്താരാഷ്ട്ര നിയമത്തിന്റെ മാനദണ്ഡങ്ങളെയും വ്യക്തമായി ലംഘിക്കുന്നതാണിത്.
പ്രാദേശിക, അന്താരാഷ്ട്ര സ്ഥിരതയെയും വെനസ്വേലൻ ജനതയുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയും അപകടത്തിലാക്കുന്നതാണ് യുഎസ് നടപടി. വെനസ്വേലയ്‌ക്കെതിരായ എല്ലാ ശത്രുതകളും ഉടനടി അവസാനിപ്പിക്കണം. ആ രാജ്യത്തിന്റൈ പരമാധികാരം, പ്രദേശിക സമഗ്രത, രാഷ്ട്രീയ സ്വാതന്ത്ര്യം, സ്വയം നിർണയത്തിനുള്ള അവകാശം എന്നിവ പൂർണമായും യുഎസ് ബഹുമാനിക്കണം.
വെനസ്വേലയിലെ ജനങ്ങളോടും സർക്കാരിനോടുമുള്ള പൂർണ്ണ ഐക്യദാർഢ്യം പ്രസ്ഥാനം ആവർത്തിച്ചു.
വെനസ്വേലയിലെ എംബസി വീണ്ടും തുറക്കാൻ യുഎസ്
പ്രസിഡന്റ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കരാക്കസിലെ എംബസി വീണ്ടും തുറക്കാൻ യുഎസ് ആലോചിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ നയതന്ത്രജ്ഞരെ വെനസ്വേലയിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കരാക്കസിലെ എംബസി വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി യുഎസ് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രംപ് ആദ്യം പ്രസിഡന്റായിരുന്ന 2019ലാണ് ഇൗ എംബസി അടച്ചുപൂട്ടിയത്.
മഡുറോയ്ക്ക് അസാന്‍ജിന്റെ അഭിഭാഷകൻ
യുഎസ് തടങ്കലിലാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്ക് വേണ്ടി കോടതിയിൽ ഹാജരായത് വിക്കീലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാന്‍ജിനായി വാദിച്ച ക്രിമിനൽ അഭിഭാഷകൻ ബാരി പൊള്ളാക്ക്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യവിവര ചോർച്ചയുമായി ബന്ധപ്പെട്ടാണ് 2010ൽ അസാന്‍ജിനെ പിടികൂടിയിരുന്നത്. ക്രിമിനൽ കേസുകളിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസന്പത്തുണ്ട്. അമേരിക്കൻ കോളേജ് ഓഫ് ട്രയൽ ലോയേഴ്‌സിന്റെ അംഗം, അമേരിക്കൻ ബോർഡ് ഓഫ് ക്രിമിനൽ ലോയേഴ്‌സ് അംഗം, നാഷണൽ അസോസിയേഷൻ ഓഫ് ക്രിമിനൽ ഡിഫൻസ് ലോയേഴ്‌സിന്റെ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സീലിയ ഫ്‌ളോറിയക്ക് യുഎസ് കസ്‌റ്റഡിയിൽ പരിക്കേറ്റു
യുഎസ് സേന ബന്ദിയാക്കി കൊണ്ടുവരുന്നതിനിടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭാര്യ സീലിയ ഫ്‌ളോറിയ്‌ക്ക് പരിക്കേറ്റതായി അഭിഭാഷകൻ.പരിക്കുകൾ പുറമെ കാണാവുന്നതാണ് എന്നും അസ്ഥി ഒടിയാനും വാരിയെല്ലിൽ രക്തം കട്ടപിടിക്കാനും സാധ്യത ഉള്ളതിനാല്‍ വിശദമായ വൈദ്യപരിശോധന നടത്തണമെന്നും അഭിഭാഷകൻ മാർക്ക് ഡൊണലി ന്യൂയോർക്കിലെ സതേൺ ഡിസ്‌ട്രിക്ട് കോടതിയോട് അഭ്യര്‍ഥിച്ചു. ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ ജഡ്ജി ഹെല്ലർസ്റ്റൈൻ നിർദേശം നൽകി.
മച്ചാഡോ വെനസ്വേലയിലേക്ക് മടങ്ങുന്നു
പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലയിലെ അമേരിക്കന്‍പക്ഷപാതിയായ വലതുപക്ഷ നേതാവും സമാധാന നൊബേൽ ജേത്രിയുമായ മരിയ കൊറീന മച്ചാഡോ രാജ്യത്തേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. നിലവിൽ നോർവേയിലാണ് അവരുള്ളത്. എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മഡുറോയെ തട്ടിക്കൊണ്ടുപോയ യുഎസ് നടപടിയെ മച്ചാഡോ പ്രശംസിച്ചിരുന്നു. രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ മണിക്കൂർ സമാഗതമായെന്ന് വിശേഷിപ്പിച്ച മച്ചാഡോ, യുഎസ് നൽകിയ വാഗ്ദാനം പാലിച്ചതായും പ്രതികരിച്ചു.










0 comments