ഇറാൻ യുദ്ധം അവസാനിപ്പിക്കണം, ട്രംപ് ഏര്പ്പെടുത്തിയ താരിഫുകൾ കുറയ്ക്കണം; വിജയത്തിന് പിന്നാലെ സുഹാസ് സുബ്രഹ്മണ്യം

വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ താരിഫുകൾ കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് നേതാവ് സുഹാസ് സുബ്രഹ്മണ്യം. വിർജീനിയയിലെ പത്താം കോൺഗ്രസ് മണ്ഡലത്തിൽനിന്നാണ് സുഹാസ് വീണ്ടും അമേരിക്കൻ ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡേവ് ടി ബെക്വിത്തിനെയാണ് പരാജയപ്പെടുത്തിയത്. ട്രംപിന്റെ യുദ്ധനയങ്ങളും ഇറക്കുമതി തീരുവകളും സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്നുവെന്ന വിമർശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സുഹാസ് ശക്തമായി ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ 63.16 ശതമാനം വോട്ടാണ് സുഹാസിന് ലഭിച്ചത്. 1,73,106 വോട്ട് നേടിയപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ബെക്വിത്തിന് 94,990 വോട്ടും 34.66 ശതമാനം വോട്ടുവിഹിതവുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർഥി അഹ്സൻ മുജീബ് മാലിക്കിന് 5,444 വോട്ടും ലഭിച്ചു. 2024ൽ ആദ്യമായി വിജയിച്ച മണ്ഡലമാണ് സുഹാസ് നിലനിർത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചെങ്കിലും ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇപ്പോഴാണ് തുടങ്ങുന്നതെന്ന് വിജയത്തിനുശേഷം അദ്ദേഹം പ്രതികരിച്ചു.
ട്രംപ് ആരംഭിച്ച ഇറാൻ യുദ്ധം അനാവശ്യമായിരുന്നുവെന്നും നയതന്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിന്റെ ഫലമാണിതെന്നുമാണ് സുഹാസിന്റെ നിലപാട്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ആരംഭിച്ച യുദ്ധത്തിനായി അമേരിക്കൻ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചുവെന്ന് അദ്ദേഹം നേരത്തേ വിമർശിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് കോൺഗ്രസുമായി സഹകരിക്കണമെന്നും സൈനികനടപടികൾക്ക് പകരം നയതന്ത്രചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാൻ യുദ്ധവും ട്രംപിന്റെ ഇറക്കുമതി തീരുവകളും അമേരിക്കയിലെ ജീവിതച്ചെലവ് ഉയർത്തിയതായി സുഹാസ് ചൂണ്ടിക്കാട്ടി. പെട്രോൾ വിലയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുന്നത് സാധാരണ കുടുംബങ്ങളെ ബാധിക്കുകയാണ്. യുദ്ധത്തിനും സമ്പന്നർക്കുള്ള നികുതിയിളവുകൾക്കും പണം ചെലവഴിക്കുന്നതിനുപകരം ആരോഗ്യസംരക്ഷണത്തിനും ഭക്ഷ്യസഹായത്തിനും മുൻഗണന നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫ് നടപടികളെയും സുഹാസ് വിമർശിച്ചിരുന്നു. ഇന്ത്യ അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി തീരുവകളുടെ അധികഭാരം അമേരിക്കൻ ജനങ്ങൾക്കുതന്നെയാണ് വഹിക്കേണ്ടിവരുന്നതെന്നും ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ ഇത്തരം നടപടികൾ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ കുടിയേറ്റ തൊഴിലാളികൾക്കും ഇന്ത്യൻ പ്രൊഫഷണലുകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരെയും സുഹാസ് രംഗത്തെത്തിയിട്ടുണ്ട്. എച്ച് വൺ ബി വിസയ്ക്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളറിന്റെ ഫീസിനെ സാമ്പത്തികരംഗത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിസ പുതുക്കൽ നടപടികൾ ലളിതമാക്കുന്നതിനും അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള നിയമനിർമാണ ശ്രമങ്ങളിലും സുഹാസ് പങ്കാളിയാണ്.
അമേരിക്കയിൽ ജനിച്ച സുഹാസിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. അമ്മ ബെംഗളൂരു സ്വദേശിയും അച്ഛൻ ചെന്നൈ, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ വളർന്നയാളുമാണ്. വിർജീനിയയിലെ പത്താം കോൺഗ്രസ് മണ്ഡലത്തിൽനിന്ന് വിജയിച്ച ആദ്യ ഇന്ത്യൻ വംശജനാണ് സുഹാസ്. ഒബാമ ഭരണകാലത്ത് വൈറ്റ് ഹൗസിൽ സാങ്കേതികനയ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. ട്രംപിന്റെ യുദ്ധനയങ്ങൾക്കും താരിഫുകൾക്കുമെതിരായ വിമർശനം തുടരുന്നതിനൊപ്പം ആരോഗ്യസംരക്ഷണം, ജീവിതച്ചെലവ്, കുടിയേറ്റക്കാരുടെ അവകാശങ്ങൾ എന്നിവയ്ക്കാണ് പുതിയ കാലാവധിയിൽ മുൻഗണന നൽകുകയെന്ന് സുഹാസ് വ്യക്തമാക്കിയിട്ടുണ്ട്.









0 comments