മലയാലപ്പുഴ ക്ഷേത്രത്തിലെ ലക്ഷ്മി വിളക്ക് മോഷണം
തമിഴ്നാട് സ്വദേശി അറസ്റ്റിൽ

മുത്തുമാരിയപ്പൻ
പത്തനംതിട്ട
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽനിന്ന് ലക്ഷ്മി വിളക്ക് മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. വിരുദുനഗർ ഇഞ്ചാർ ശിവകാമി വെസ്റ്റ് 3/120 എയിൽ താമസിക്കുന്ന കാളിതാസന്റെ മകൻ മുത്തുമാരിയപ്പൻ (34) ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ വാച്ചറായിരുന്ന കവിയൂർ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബർ 15-ന് രാവിലെ 11.30നും 12നും ഇടയിലായിരുന്നു മോഷണം. ഓട്ടിൽ നിർമിച്ച ഏകദേശം മൂന്ന് കിലോഗ്രാം തൂക്കവും 8,000 രൂപയോളം വിലയുമുള്ള ലക്ഷ്മി വിളക്കാണ് ഇയാൾ മോഷ്‌ടിച്ചത്. മോഷണത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇൗ ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞാണ് ചൊവ്വാഴ്ച ഇയാളെ പിടികൂടിയത്. അതേസമയം മോഷ്ടിക്കപ്പെട്ട വിളക്ക് കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്താനും പ്രതി സമാനമായ മറ്റു മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുമുള്ള നടപടികൾ ആരംഭിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.







0 comments