കാലടിയിലെ പരീക്ഷ നിഷേധം: വിദ്യാർഥികളുടെ ഹർജി നാളെ കേൾക്കും

ന്യൂഡൽഹി: കാലടി സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്‌തതിന് താൽകാലിക വെെസ് ചാൻസലർ സസ്‌പെൻഡ്‌ചെയ്‌ത വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുള്ള ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ ചൊവ്വ രാത്രിയാണ് വിദ്യാർഥികൾ അപ്പീൽ നൽകിയത്. നേരത്തെ ലിസ്റ്റ് ചെയ്ത കേസുകളുണ്ടെന്നും ഹർജി അടിയന്തരമായി കേൾക്കുന്നത് പ്രായോഗികമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആർക്കെങ്കിലും പരീക്ഷ നഷ്ടപ്പെട്ടാൽ അവർക്ക് പ്രത്യേക പരീക്ഷ നടത്താൻ കോടതിക്ക് അധികാരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചു.
ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണം, അതിന് മുൻപേ സർവകലാശാല പരീക്ഷ നടത്തിയാൽ തങ്ങൾക്ക് പ്രത്യേകം പരീക്ഷയ്ക്ക് നിർദേശം നൽകണം, പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുന:സ്ഥാപിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണവിധേയമായുള്ള സസ്പെൻഷൻ ശിക്ഷാനടപടിയല്ല. സെമസ്റ്റർ നഷ്ടപ്പെടുന്ന സാഹചര്യം ഒരുക്കരുത്. ഹാജർ കുറയാനുള്ള കാരണം സസ്പെൻഷൻ നടപടിയാണെന്നും വിദ്യാർഥികൾ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ബുധനാഴ്‌ചത്തെ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യാനും എഴുതാനുമാണ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ അനുവദിച്ചത്. എന്നാൽ, പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റ് തുറക്കാൻ തയ്യാറാകാതെ, താൽക്കാലിക വിസി സിസ തോമസും സർവകലാശാലയും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടർന്നാണ് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളികൃഷ്‌ണ എന്നിവർ ഉത്തരവിട്ടത്.








0 comments