വടകര പോക്സോ കേസ്; ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഒളിവിൽപ്പോയ പ്രതി പൊലീസ് കസ്റ്റഡിയിൽ

വടകര: മണിയൂർ പോക്സോ കേസിലെ പ്രതി വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് അബ്ദുൾ റഫീഖ് (55) പൊലീസ് കസ്റ്റഡിയിൽ. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതി ഉത്തരവിനുള്ള സ്റ്റേ, ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം വടകരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.
ഒന്നര വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. 2026 ജനുവരി 16ന് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈ 24ന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയെങ്കിലും പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽനിന്ന് ജാമ്യം നേടി സെപ്തംബർ 29ന് ഇയാൾ നാട്ടിലെത്തി.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കേസനേഷ്വണം വീണ്ടും സജീവമായത്. പയ്യോളി പൊലീസ് സ്റ്റേഷൻ മാർച്ച്, ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള മാർച്ച് എന്നിവയടക്കമുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോയി.
ഒക്ടോബർ 24ന് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി റഫീഖിന്റെ ജാമ്യം റദ്ദാക്കിയെങ്കിലും പിന്നാലെ ഇയാൾ വീണ്ടും ഒളിവിൽ പോയി. കോടതിയിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്.
ഇതിനിടെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞദിവസം സ്റ്റേ നീക്കിയതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.









0 comments