Deshabhimani

ചരിത്രവിജയവുമായി അബർ കവാസ്; ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലെ ആദ്യ പലസ്തീൻ വംശജ

ABER KAWAS NY PALESTINE
വെബ് ഡെസ്ക്

Published on Nov 04, 2026, 01:17 PM | 1 min read

ന്യൂയോർക്ക്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് വിജയിച്ച് പലസ്തീൻ വംശജയായ അബർ കവാസ്. ന്യൂയോർക്ക് സ്റ്റേറ്റ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ പലസ്തീൻ വംശജയും മുസ്ലിം വനിതയുമാണ് അബർ കവാസ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ന്യൂയോർക്കിലെ ക്വീൻസിലുള്ള 12-ാം സെനറ്റ് ഡിസ്ട്രിക്ടിൽനിന്നാണ് വിജയം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഹാൻ ഖോൻ ടോയെയാണ് പരാജയപ്പെടുത്തിയത്.


ന്യൂയോർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ബോർഡിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം അബർ കവാസിന് 47,291 വോട്ടും ഹാൻ ഖോൻ ടോയ്ക്ക് 16,161 വോട്ടുമാണ് ലഭിച്ചത്.


പലസ്തീൻ വംശജരായ മാതാപിതാക്കളുടെ മകളായി ന്യൂയോർക്കിൽ ജനിച്ചുവളർന്ന അബർ കവാസ് സാമൂഹ്യപ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. കുടിയേറ്റക്കാരുടെ അവകാശങ്ങൾ, ഭവനസുരക്ഷ, വാടകക്കാരുടെ സംരക്ഷണം, സാധാരണക്കാരുടെ ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം.


ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി, അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്സ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക എന്നിവരുടെ പിന്തുണയും കവാസിനുണ്ടായിരുന്നു. ജൂണിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രാഥമിക തെരഞ്ഞെടുപ്പിൽ സ്റ്റീവൻ റാഗയെ പരാജയപ്പെടുത്തിയാണ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്.


പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രയേൽ നടപടികളെ വിമർശിക്കുന്നതിലും ഗാസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലും അബർ കവാസ് സജീവമായിരുന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കുടിയേറ്റക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾക്കും മുൻഗണന നൽകണമെന്നാണ് അവരുടെ നിലപാട്.

ABER KAWAS NY

2001 സെപ്തംബർ 11ലെ ആക്രമണങ്ങൾക്കുശേഷം പിതാവ് തടവിലാക്കപ്പെടുകയും പിന്നീട് ജോർദാനിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത അനുഭവം തന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചതായി അബർ കവാസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങളായി ന്യൂയോർക്കിലെ അറബ് അമേരിക്കൻ സമൂഹത്തിനിടയിൽ പ്രവർത്തിച്ചുവരുന്ന കവാസിന്റെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ പലസ്തീൻ വംശജരുടെ പ്രാതിനിധ്യത്തിൽ പുതിയ അധ്യായമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home