നഷ്ടം ചൂണ്ടിക്കാട്ടി രാജമാണിക്യം ആറ് തവണ കത്തയച്ചു, ഫയലിലും കുറിച്ചു; എന്നിട്ടും അറിഞ്ഞില്ലെന്ന് സതീശന്റെ പെരുംനുണ

വി ഡി സതീശൻ, എം ജി രാജമാണിക്യം
തിരുവനന്തപുരം: സ്വകാര്യ കമ്പനിയിൽ നിന്ന് ടെൻഡറില്ലാതെ വൈദ്യുതി വാങ്ങുന്നതിൽ കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യം എതിർപ്പ് അറിയിച്ചില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പെരും നുണ. ടെൻഡറും റെഗുലേറ്ററി കമീഷന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാനായിരുന്നു മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഫയൽ നീക്കിയത്. എന്നാൽ, രാജമാണിക്യം ഇതിലെ നഷ്‌ടം ചൂണ്ടിക്കാട്ടി ആറു തവണ സർക്കാരിന് കത്തയച്ചിട്ടുണ്ട്. ഒപ്പം ഫയലിലും വിയോജിപ്പ് വ്യക്തമാക്കി. നിയമാനുസൃത നടപടിക്രമം പാലിക്കാതെ ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിലെ സ്വകാര്യ കമ്പനിയിൽ നിന്ന് (ജിഎൻഎ) 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കം എതിർത്തതോടെയാണ് രാജമാണിക്യത്തെ സിഎംഡി സ്ഥാനത്തുനിന്ന് തെറിപ്പിച്ചത്.
സ്വകാര്യ വൈദ്യുതി വാങ്ങാനുള്ള PWR B1 /118/2026-- PWR Part1 എന്ന ഫയലിൽ വലിയ തിടുക്കമാണ് വി ഡി സതീശൻ കാണിച്ചത്. ഇൗ ഫയൽ കെഎസ്‌ഇബി സിഎംഡിയ്‌ക്ക് നേരിട്ട് അയയ്‌ക്കുകയെന്ന വഴിവിട്ട നീക്കവും മുഖ്യമന്ത്രി നടത്തി. ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കോ, ചീഫ് സെക്രട്ടറിക്കോ ആണ് മുഖ്യമന്ത്രി ഫയൽ അയയ്‌ക്കേണ്ടത്. ഒക്‌ടോബർ 24ന് എത്തിയ ഫയൽ പരിശോധിച്ചശേഷം വിയോജിപ്പ് രേഖപ്പെടുത്തി രാജമാണിക്യം മന്ത്രി സണ്ണി ജോസഫിന് കൈമാറി. ജിഎൻഎ ഇടപാട് ആശാസ്യമല്ലെന്ന കുറിപ്പ് അംഗീകരിച്ചാണ് മന്ത്രി ഫയൽ മുഖ്യമന്ത്രിക്ക് വിട്ടത്. മുഖ്യമന്ത്രി കൈകാര്യം ചെയ്‌ത ഫയലിലും മറ്റു രേഖകളിലും വ്യക്തമാക്കിയ വിയോജിപ്പ് അറിയില്ലെന്ന പച്ചക്കള്ളമാണ് ബുധനാഴ്‌ച മുഖ്യമന്ത്രി തള്ളിവിട്ടത്.
സംസ്ഥാനത്തിന് വൈദ്യുതി ആവശ്യമില്ലാത്ത പകൽ സമയത്തടക്കം 24 മണിക്കൂറും 8.63 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു സർക്കാരിന്റെ നീക്കം. 500 മെഗാവാട്ട് വൈദ്യുതി രാത്രിയിലെ അതേനിരക്കിൽ നിർബന്ധമായും വാങ്ങണം. നിലവിൽ തന്നെ പകൽസമയത്ത് വൈദ്യുതി മിച്ചമാണ്. പകൽസമയത്ത് മിച്ചംവരുന്ന വൈദ്യുതി പൊതുമാർക്കറ്റിൽ സറണ്ടർ ചെയ്യുമ്പോൾ പരമാവധി രണ്ട് രൂപവരെയാണ് ലഭിക്കുന്നത്. 8.63 രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി രണ്ട് രൂപയിൽതാഴെ വിലയ്ക്ക് സറണ്ടർ ചെയ്യുമ്പോഴുള്ള നഷ്ടവും രാജമാണിക്യം ചൂണ്ടിക്കാട്ടി.
ഹിമാചലിൽ നിന്ന് വാങ്ങുന്നത് ജലവൈദ്യുതിയാണ്. ഏതു സമയം വേണമെങ്കിലും ലഭ്യമാകുമെന്ന് ഉറപ്പുള്ള ജലവൈദ്യുതി നിശ്‌ചിത സമയം നിശ്‌ചയിച്ച് വാങ്ങാൻ കഴിയും. എന്നാൽ, സോളാർ, വിൻഡ് തുടങ്ങിയ വിവിധമാർഗങ്ങളിൽ നിന്നെല്ലാം ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ വൈദ്യുതി 24 മണിക്കൂറും വാങ്ങണമെന്ന ബാധ്യതയുണ്ടാകും.
പ്രത്യക്ഷത്തിൽ കുറഞ്ഞ നിരക്കെന്ന് തോന്നുമെങ്കിലും ആവശ്യമില്ലാത്ത സമയത്തും വാങ്ങേണ്ടി വരുന്നതിനാൽ ഹിമാചൽ പ്രദേശിൽനിന്ന് വാങ്ങുന്ന വൈദ്യുതിയേക്കാൾ ബാധ്യതയാകും സ്വകാര്യ ഇടപാട്. ഇൗ നീക്കത്തിൽ ധനവകുപ്പും എതിർപ്പ് അറിയിച്ചതായാണ് വിവരം. അതുകൊണ്ടാകണം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനും സ്ഥാനചലനമുണ്ടായി.
ജിഎൻഎ വഴിയുള്ള വൈദ്യുതി ഇടപാടിൽ സംസ്ഥാനത്തെ സിവിൽ സർവീസ് ഉന്നതന്റെ ബിനാമി കമ്പനിയാണ് രംഗത്തുള്ളതെന്നും സൂചനയുണ്ട്. സത്‌ലജ് ജൽ വൈദ്യുത് നിഗം അടക്കമുള്ള പൊതുമേഖല കന്പനികൾ യൂണിറ്റിന് 3.32 രൂപയ്‌ക്കടക്കം വൈദ്യുതി നൽകാൻ തയ്യാറായി ഉള്ളപ്പോഴാണ് സർക്കാരിന്റെ വഴിവിട്ട നീക്കം.









0 comments