മുഖ്യമന്ത്രിയുടെ ന്യായീകരണം പൊളിച്ച് കെഎസ്ഇബി റിപ്പോർട്ട്; ജിഎൻഎ കരാർ നഷ്ടം തന്നെ; പീക്ക് സമയം അധിക വൈദ്യുതി കിട്ടില്ല

തിരുവനന്തപുരം: സ്വകാര്യ പ്ലാറ്റ്ഫോം വഴി വൻ കമീഷൻ തട്ടാനുള്ള വൈദ്യുതി കരാറിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞ കണക്കുകൾ പൊളിച്ച് കെഎസ്ഇബി റിപ്പോർട്ട്. ജനറൽ നെറ്റ്‍വർക് ആക്സസ് (ജിഎൻഎ) പ്ലാറ്റ്ഫോമിൽ നിന്നുള്ള വൈദ്യുതിയാണ് ഹിമാചൽ പ്രദേശിൽനിന്നുള്ളതിനേക്കാൽ ലാഭമെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഹിമാചൽ കരാർ നടപ്പാക്കിയാൽ 2232 കോടി രൂപ നഷ്ടമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
മുഖ്യമന്ത്രിയുടെ കണക്കുകളെ പാടേതള്ളുന്നതാണ് കെഎസ്ഇബി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. ജിഎൻഎ, ഹിമാചൽ പ്രദേശ് വൈദ്യുതി കരാറുകൾ താരതമ്യം ചെയ്‌ത് കെഎസ്‌ഇബി തയാറാക്കിയ നോട്ടിൽ 461 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹിമാചലിൽനിന്ന് യൂണിറ്റിന് 12.50 രൂപ നിരക്കിൽ 1105 കോടിയും 14.50 രൂപയാണെങ്കിൽ 1281 കോടിയും മതിയാകും. എന്നാൽ ജിഎൻഎ ഇടപാടിന് 1566 കോടിയാണ് ചെലവാകുകയെന്ന് റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.
കെഎസ്ഇബി തയ്യാറാക്കിയ കുറിപ്പിൽനിന്ന്
പീക് സമയത്ത് ജിഎൻഎ വഴിയാണ് കൂടുതൽ വൈദ്യുതി കിട്ടുന്നതെന്ന നുണയും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജിഎൻഎ വഴി മാർച്ചുവരെ പീക്ക് സമയത്ത് 500 മെഗാവാട്ട് വൈദ്യുതിയെ ലഭിക്കു. എന്നാല്‍ നവംബർ മുതൽ ഏപ്രിൽ വരെ പീക്ക് സമയത്ത് 864 മെഗാവാട്ട് മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി ഹിമാചൽ കരാറിൽ ലഭിക്കും. ജിഎൻഎ കരാറെങ്കില്‍ 364 മുതൽ 780 മെഗാവാട്ടുവരെ വൈദ്യുതി വേറെ കണ്ടെത്തണം. ജിഎൻഎ ഏപ്രിലിൽ ഇല്ലാത്തതിനാൽ 1,178 മെഗാവാട്ട് അധികവും കണ്ടെത്തണം. നവംബർ – ഏപ്രിൽ മാസത്തിൽ അധിക വൈദ്യുതി വാങ്ങാൻ 442 കോടി രൂപയും വേണം. ഇതുകൂടി ചേർത്താണ് കുറഞ്ഞത് 727 കോടിയുടെ നഷ്‌ടമുണ്ടാകുമെന്ന് കണക്കാക്കിയത്.
സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയതിനാണ് കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യത്തെ പുറത്താക്കിയത്. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥന് ബന്ധമുള്ള ഗുജറാത്തിലെ കമ്പനിയിൽനിന്നടക്കമാണ് കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത്.









0 comments