അമ്യൂസ്മെന്റ് പാർക്കുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്ക് ഉണ്ടാകണം: ബാലാവകാശ കമീഷൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അമ്യൂസ്മെന്റ് പാർക്കുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്കും ചൈൽഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഉണ്ടായിരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷന്റെ ഉത്തരവ്. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ്, മെമ്പർ പി ഷാജേഷ് ഭാസ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിൻ്റേതാണ് ഉത്തരവ്. പാർക്കുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും, കുട്ടികളുടെ ജീവൻ, ആരോഗ്യം, മാനസിക ക്ഷേമം എന്നിവ സംരക്ഷിക്കപ്പെടുന്നതിനുമുള്ള നിർദ്ദേശങ്ങളും ബാലാവകാശ കമീഷൻ ബന്ധപ്പെട്ടവർക്ക് നൽകി.
സംസ്ഥാനത്തെ അമ്യൂസ്മെന്റ് പാർക്കുകളുടെ നടത്തിപ്പുകാർ, അവിടെ പ്രവർത്തിക്കുന്ന റൈഡുകളിൽ സാങ്കേതിക സുരക്ഷാവിദഗ്ധരുടെ പരിശോധന ഉറപ്പാക്കി സുരക്ഷാ സർട്ടിഫിക്കറ്റുകൾ വാങ്ങണം. ബന്ധപ്പെട്ട സാങ്കേതിക വിദഗ്ദർ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം.
പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഓരോ റൈഡിലും നിയോഗിക്കുകയും, സുരക്ഷാ സെൻ്ററുകൾ, ലോക്കിംഗ് സംവിധാനങ്ങൾ എന്നിവ പ്രവർത്തനക്ഷമമാക്കുകയും ചെയ്യണം. ചൈൽഡ് സേഫ്റ്റി സൈൻ ബോർഡുകളും സുരക്ഷാ നിർദ്ദേശങ്ങളും കുട്ടികൾക്ക് മനസ്സിലാക്കാവുന്ന തരത്തിൽ ഒരോ റൈഡിലും സ്ഥാപിക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ റൈഡുകളിൽ ഉണ്ടായിരിക്കണം.
സുരക്ഷാ വീഴ്ചകൾക്ക് ഉത്തരവാദിത്തമുള്ള സ്ഥാപന ലൈസൻസിയുടെ പേരും വിശദാംശങ്ങളും, പാർക്കുകളിൽ പ്രദർശിപ്പിക്കണം. അപകടങ്ങൾ ഉണ്ടായാൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഓരോ പാർക്കിലും ഉറപ്പുവരുത്തണം. സംസ്ഥാനത്തെ മുഴുവൻ അമ്യൂസ്മെൻ്റ് പാർക്കുകളും നേരത്തെ കേരള ഹൈക്കോടതി പുറത്തിറക്കിയ വിധിയിലെ നിർദ്ദേശങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശങ്ങളും കർശനമായും പാലിക്കേണ്ടതാണ്.
മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കൽ ഡിവിഷൻ സൂപ്രണ്ടിംഗ് എൻജിനീയർ, അഗ്നിരക്ഷാ സേനാ ഡയറക്ടർ, തദ്ദേശസ്വരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എന്നിവർ ബന്ധപ്പെട്ട സാങ്കേതിക പരിശോധനാ ഏജൻസികളുടെ പങ്കാളിത്തത്തോടെ, അമ്യൂസ്മെന്റ് പാർക്കുകളിലെ റൈഡുകളുമായി ബന്ധപ്പെട്ട സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, ചൈൽഡ് സേഫ്റ്റി പ്രോട്ടോക്കോൾ എന്നിവ സംസ്ഥാനതലത്തിൽ ഉന്നതാധികാര സമിതി രൂപീകരിച്ച് പുറത്തിറക്കേണ്ടതാണ്.
സംസ്ഥാനത്തെ അമ്യൂസ്മെന്റ് പാർക്കുകളുമായി സഹകരിച്ച്, അമ്യൂസ്മെന്റ് പാർക്കുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച ക്യാമ്പയിൽ അസൂത്രണം ചെയ്തു നടപ്പാക്കണം. ക്യാമ്പയിൻ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കാണ്.
കോഴിക്കോട് കുറിച്ചകം സ്വദേശി എസ് ഗൗതം ആണ് ഹർജിക്കാരൻ. സംസ്ഥാനത്തെ അമ്യൂസ്മെൻ്റ് പാർക്കുകളിലെ വിനോദത്തിനുള്ള റൈഡുകൾ ഉപയോഗിക്കുന്നതിൽ ബഹുഭൂരിപക്ഷവും ചെറിയ കുട്ടികളാണെന്നും അപകടസാധ്യതയുള്ള റൈഡുകളുടെ സുരക്ഷ സർക്കാരിന്റെയും വിവിധ കോടതികളുടെയും വിധികൾ ഉണ്ടായിട്ടും പല പാർക്കുകളും പാലിക്കുന്നില്ലെന്നുമായിരുന്നു ഹർജി. കുട്ടികളുടെ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളോട് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരൻ പൊതു താൽപര്യാർത്ഥം ആവശ്യപ്പെട്ടത്.







0 comments