Deshabhimani

കാലടിയിലെ കുട്ടികൾ പോരാടി നേടിയ സുപ്രീംകോടതി ഉത്തരവ്‌ ദുർവ്യാഖ്യാനിക്കാൻ കാണിച്ച വ്യഗ്രത അതിശയം

Kalady Sanskrit University SFI Protest Supreme Court
വെബ് ഡെസ്ക്

Published on Nov 05, 2026, 04:29 PM | 2 min read

കൊച്ചി: പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾ നല്‍കിയ ഹർജിയിലെ സുപ്രീംകോടതി ഉത്തരവുകൾ വളച്ചൊടിക്കാൻ ചില മാധ്യമങ്ങൾ കാണിച്ച വ്യഗ്രത അതിശയിപ്പിക്കുന്നത്‌. വിദ്യാർഥികളുടെ ഭാവിയെ കുറിച്ച്‌ ഘോരഘോരം സംസാരിച്ചവർ തന്നെയാണ്‌ അവർക്ക്‌ തിരിച്ചടിയായ വിധിയെന്ന്‌ ദുർവ്യാഖ്യാനിച്ച്‌ ആവേശം കൊണ്ടത്‌.


വിദ്യാർഥികളുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ഉടൻ തീർപ്പാക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശിച്ചത്‌. കേസ്‌ വിദ്യാർഥികൾക്ക്‌ അനുകൂലമാണെങ്കിൽ അവർക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സർവകലാശാലയുടെ സമ്മതം അവരുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ കോടതി അതും വിധിയുടെ ഭാഗമാക്കി. വിദ്യാർഥികളുടെ താല്പര്യങ്ങൾ ഹനിക്കരുതെന്ന്‌ കോടതി പ്രത്യേകം വ്യക്തമാക്കുകയും ചെയ്‌തു. ഇ‍ൗ നിർദേശങ്ങളാണ്‌ വിദ്യാർഥികൾക്ക്‌ തിരിച്ചടി, വി സിയുടെ വിജയം എന്നീ തരത്തിൽ ചില മാധ്യമങ്ങൾ വളച്ചൊടിച്ചത്‌.


സുപ്രീംകോടതിയിൽ വിദ്യാർഥികൾക്കായി ഹാജരായ അഭിഭാഷകൻ പി വി ദിനേഷ്‌, അവർ നേരിടുന്ന പ്രതിസന്ധികൾ കൃത്യമായി കോടതിയെ ധരിപ്പിച്ചു. ഒരന്വേഷണവും നടത്താതെ വിദ്യാർഥികൾ 64 ദിവസമായി സസ്‌പെൻഷനിലാണെന്നും ഇ‍ൗ വിഷയം പരിഹരിക്കാതെ യൂണിവേഴ്‌സിറ്റി നീട്ടിക്കൊണ്ടു പോവുകയാണെന്നും അറിയിച്ചു. പരീക്ഷ എഴുതാൻ അനുവദിക്കാത്ത സാഹചര്യത്തിലാണ്‌ കോടതിയെ സമീപിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


വിദ്യാർത്ഥികളുടെ ഹാജർ പരിശോധിക്കണമെന്നാണ്‌ സർവകലാശാലയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്‌. വേണ്ടത്ര ഹാജറില്ലെന്നത്‌ കോടതി ശരിവെച്ചു. എങ്കിലും കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണമെന്ന്‌ കോടതി നിർദേശിച്ചു.


ഇരുപക്ഷത്തെയും വാദം കേട്ട ശേഷമാണ്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ അടിയന്തിരമായി പരിഗണിച്ച്‌ വിധി പറയണമെന്ന്‌ കോടതി ഉത്തരവിട്ടത്‌. ഹൈക്കോടതിയിൽ നിന്ന്‌ അനുകൂല വിധിയുണ്ടായാൽ പരീക്ഷ നടത്തുകയും വിദ്യാർഥികളുടെ താൽപ്പര്യം സംരക്ഷിക്കപ്പെടുകയും വേണമെന്നും കോടതി നിർദേശിച്ചു.


തീർച്ചയായും സസ്‌പെന്റ്‌ ചെയ്യപ്പെട്ട 16 വിദ്യാർത്ഥികൾക്കും സമരത്തിന്റെ മുൻനിരയിലുള്ള എസ്‌എഫ്‌ഐഎയ്‌ക്കും സമരത്തെ പിന്തുണയ്‌ക്കുന്ന മുഴുവൻ പേർക്കും അഭിമാനിക്കാവുന്ന ഒരു ഇടപെടൽ തന്നെയാണ്‌ സുപ്രീംകോടതിയിൽ നിന്നുണ്ടായത്‌. ബുധനാഴ്‌ച തുടങ്ങിയ പരീക്ഷ എഴുതാനായി ഹൈക്കോടതിയെ സമീപിച്ച വിദ്യാർത്ഥികൾക്ക്‌ സിംഗിൾ ബെഞ്ചിൽ നിന്ന്‌ അനുകൂല വിധിയാണുണ്ടായത്‌. വിദ്യാർത്ഥികൾ തൽക്കാലം പരീക്ഷ എഴുതട്ടെ, കേസ് ജയിച്ചാൽ മാത്രം പരീക്ഷ സാധുവാകും എന്നായിരുന്നു വിധി. സമാന വിധി തന്നെയാണ്‌ സുപ്രീംകോടതിയിൽ നിന്ന്‌ ഉണ്ടായിരിക്കുന്നത്‌. സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർവകലാശാല ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതാണ്‌ കാര്യങ്ങൾ വഷളാക്കിയത്‌. അല്ലായിരുന്നുവെങ്കിൽ ബുധനാഴ്‌ച തുടങ്ങിയ പരീക്ഷ എഴുതാൻ കഴിയുമായിരുന്നു. വിദ്യാർഥികളുടെ പഠനം തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു വൈസ്‌ ചാൻസലർ സിസ തോമസും സിണ്ടിക്കേറ്റും ഇത്തരത്തിൽ നീക്കം നടത്തിയത്‌.


ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടേ മുക്കാലിനാണ്‌ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കേണ്ട എന്ന ഡിവിഷൻ ബഞ്ച് വിധി വരുന്നത്‌. വൈകീട്ട്‌ നാലരയ്‌ക്ക്‌ ഇ‍ൗ വിധി ഹൈക്കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്‌തു. അന്ന്‌ രാത്രി ഒന്പത്‌ മണിയോടെ തന്നെ കേസ് വിവരങ്ങൾ സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രന് കൈമാറി. ബുധനാഴ്ച രാവിലെ അഡ്വ. സുഭാഷ് ചന്ദ്രൻ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ്‌ പെറ്റിഷൻ (SLP) ഫയൽ ചെയ്‌തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ പ്രത്യേകം മെൻഷൻ ചെയ്ത് കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനുള്ള അനുമതിയും നേടി.


വിദ്യാർഥികളുടെ നിശ്‌ചയദാർഢ്യവും അവർക്കുള്ള ശക്തമായ പിന്തുണയുമാണ്‌ നീതിക്കായുള്ള പോരാട്ടത്തിൽ നിർണായകമായത്‌. മാപ്പ്‌ പറഞ്ഞാൽ എല്ലാ ക്ഷമിക്കാമെന്ന സർവകലാശാലയുടെ വാഗ്‌ദാനം തള്ളിയ വിദ്യാർഥികളുടെ വീറുറ്റ നിലപാടാണ്‌ ഇവിടെ വിജയം കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home