കരിപ്പൂർ സ്വർണം പൊട്ടിക്കൽ: ഭർത്താവിനെയും മക്കളെയും മറയാക്കി പ്രിയങ്ക നടത്തിയത് വൻ തട്ടിപ്പ്

പ്രിയങ്ക
കണ്ണൂർ: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിനി പ്രിയങ്ക (34) നടത്തിയത് സിനിമയെ വെല്ലുന്ന തട്ടിപ്പുകൾ. സ്വന്തം കുടുംബത്തെ മറയാക്കിയായിരുന്നു പ്രിയങ്ക തന്റെ കരുക്കൾ നീക്കിയത്. ബുധൻ പകൽ 11.30 ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
18 പവൻ സ്വർണം കൈവശപ്പെടുത്താൻ വേണ്ടി സ്വന്തം ഭർത്താവിനെയും ഒന്നുമറിയാത്ത മക്കളെയും ഒപ്പം കൂട്ടികൊണ്ടായിരുന്നു പ്രിയങ്ക തട്ടിക്കൊണ്ടുപോകൽ നാടകത്തിന് തുടക്കം കുറിച്ചത്. കേസിൽ ഭർത്താവിന് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിയങ്കയുടെ കുടുംബത്തെ പൊലീസ് വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
കരിപ്പൂർ വിമാനത്താവളത്തിൽ നടന്നത്
ബുധനാഴ്ച രാവിലെ 11.30ഓടെ ദുബായിൽ നിന്നും 18 പവൻ സ്വർണവുമായാണ് പ്രിയങ്ക കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. തുടർന്ന് പ്രിയങ്കയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി. നീല ബൊലേറോ കാറാണ് ഉപയോഗിച്ചിരുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ പരിസരത്തുനിന്ന് അതിവേഗം പാഞ്ഞ കാറിനു പിന്നാലെ മറ്റൊരു യുവാവ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പട്രോളിങ് സംഘം കാറിലും ബൈക്കുകളിലുമായി പിന്തുടര്‍ന്നു.
വിമാനത്താവളത്തിൽനിന്ന് 12 കിലോമീറ്ററോളം അകലെ പുളിക്കൽ ആന്തിയൂർകുന്ന് റോഡില്‍ വെച്ചാണ് സംഘത്തെ സാഹസികമായി പൊലീസ് കീഴ്‌പ്പെടുത്തിയത്. മട്ടന്നൂര്‍ സ്വദേശി ജാബിറാണ് കാറിനു പിന്നാലെ ഓടിയത്. ഇയാളെയും കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രിയങ്കയുടെ തട്ടിപ്പുകൾ പുറത്തുവന്നത്.
പ്രിയങ്കയുടെ തട്ടിപ്പ്
ദുബായിൽ നിന്നും സ്വർണവുമായി എത്തിയ പ്രിയങ്കയുടെ നിർദേശ പ്രകാരം പ്രതി ശ്രീലാലുവാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്. തന്റെ ഭർത്താവും മക്കളും കാറിലുണ്ടായിരിക്കണമെന്ന പ്രത്യേക നിർദേശവും പ്രിയങ്ക സംഘത്തിന് നൽകിയിരുന്നു. നിരവധി കവർച്ചാ കേസിൽ മുമ്പും പ്രതികളായിട്ടൂള്ള കുപ്രസിദ്ധ കുറ്റവാളിയാണ് സംഘത്തിലെ പ്രധാനിയായ ശ്രീലാൽ. ദുബായിൽ നിന്നും വരുന്ന സ്വർണം വാങ്ങാൻ എത്തിയതായിരുന്നു ജാബിർ. ഇയാളെ കബളിപ്പിച്ച് പ്രതികൾക്കൊപ്പം നിന്ന് സ്വർണം കൈക്കലാക്കിയ ശേഷം പങ്കിട്ടെടുക്കാനായിരുന്നു പ്രിയങ്കയുടെ പദ്ധതി. സഫ്‍വാൻ എന്നയാളാണ് പ്രിയങ്കയ്ക്ക് സ്വർണം നൽകിയത്.







0 comments