Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി: ജില്ലാ ജഡ്ജിയുടെ ജാമ്യാപേക്ഷ‌; പ്രോസിക്യൂഷനും പൊലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം

kerala highcourt
വെബ് ഡെസ്ക്

Published on Nov 05, 2026, 04:00 PM | 1 min read

കൊച്ചി : ചേരാനല്ലൂർ വാഹനക്കുരുതിയിൽ പ്രതിയായ 17 കാരന്റെ പിതാവും വാഹനയുടമയുമായ അഡീ. ജില്ലാ ജഡ്ജിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ പ്രോസിക്യൂഷൻ. കേസിൽ അപ്പീൽ നൽകുന്നതിലടക്കം പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് കോടതി വിമർശിച്ചു.


സംഭവത്തിൽ തെളിവുകൾ ശേഖരിക്കണമെന്ന പൊലീസിന്റെ ആവശ്യത്തെയും കോടതി വിമർശിച്ചു. എന്ത് തെളിവാണ് ഇനി കേസിൽ ശേഖരിക്കാനുള്ളതെന്ന് കോടതി ചോദിച്ചു. ജാമ്യാപേക്ഷയിൽ മറുപടി നൽകിയ പ്രോസിക്യൂഷനെ പരിഹസിക്കുന്ന സമീപനവും കോടതിയുടെ ഭാ​ഗത്തുനിന്നുണ്ടായി. 16 പേജുള്ള സത്യാവാങ്മൂലമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ എല്ലാ ജാമ്യാപേക്ഷയിലും ഇതുപോലെ വിശദമായ മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു.


എന്തുകൊണ്ട് ഈ കേസിന് മാത്രം ഇത്രയും പ്രത്യേകതയേറുന്നു? സമൂഹമാധ്യമങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണോ ജാമ്യാപേക്ഷയെ എതിർക്കുന്നത്? കേസിന്റെ അന്വേഷണഘട്ടത്തിൽ ജഡ്ജി പൊലീസുമായി സഹകരിക്കാതിരുന്നോ? കേസിൽ എവിടെയും ജില്ലാ ജഡ്ജി സഹകരിക്കാതിരുന്നുവെന്ന് നിങ്ങൾ എവിടെയും പറഞ്ഞിട്ടില്ല തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.


ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്യുകയും വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തുവെന്നും എന്നിട്ടും എങ്ങനെയാണ് ജഡ്ജി സഹകരിക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും ജില്ലാ ജഡ്ജി ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


ജഡ്ജി പണമുപയോ​ഗിച്ച് കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് മാത്രമാണ് കോടതിയുടെ ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി പറഞ്ഞത്. വാഹനയുടമയായ ജഡ്ജി സ്ഥിരം കുറ്റവാളിയല്ലെന്നും സ്വാധീനിച്ചതായി ബോധ്യപ്പെട്ടാൽ നടപടിയെടുക്കാൻ ഹൈക്കോടതി ഇവിടെ തന്നെയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home