‘നെഞ്ചിൽ കുത്തേറ്റതുപോലെ, എന്തിനാണ് ഇങ്ങനെയൊരു കോടതി?’: ഭദ്രകീർത്തി

കൊച്ചി: കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും എന്തിനാണ് ഇങ്ങനെയൊരു കോടതിയെന്നും ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. അപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം. എന്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പോലും എടുക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല. എഫ്ഐആർ പോലും ഇടാൻ പാടില്ലെന്നാണ് കോടതി പറയുന്നത്. പൊലീസിലും കോടതിയിലുമെല്ലാമുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഭദ്രകീർത്തി പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് ബോർഡ് 17കാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ജയബാലകൃഷ്ണന്റെ കുടുംബവും കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലുകളാണ് തള്ളിയത്. കേസിൽ ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് ചുമത്തിയതിനെക്കുറിച്ചും സമാനമായ മറ്റ് വാഹനാപകടക്കേസുകളിൽ ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചും വാദത്തിനിടെ കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് മരണത്തിനിടയാക്കിയ സമാന കേസുകളുടെ എഫ്ഐആർ വിവരങ്ങൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകിയിരുന്നു. സമാന കേസുകളിൽ ചുമത്താത്ത വകുപ്പ് ചേരാനല്ലൂർ കേസിൽ മാത്രം ചുമത്തിയതാണെങ്കിൽ അതിന്റെ കാരണം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അപ്പീൽ സമർപ്പിച്ചതിലെ നടപടിക്രമപരമായ വീഴ്ചകളും കോടതി ചോദ്യംചെയ്തിരുന്നു.
ഇതിനിടെ 17കാരന്റെ പിതാവായ ജഡ്ജിക്ക് വ്യാഴാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ വിധി നെഞ്ചിൽ കുത്തേറ്റതുപോലെയാണെന്നായിരുന്നു ഭദ്രകീർത്തിയുടെ പ്രതികരണം. പിതാവിന്റെ മരണാനന്തര ചടങ്ങുകൾ അവസാനിക്കാൻ ഒരുദിവസം മാത്രം ശേഷിക്കെയാണ് വിധിയെത്തിയത്. കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നെന്നും എന്നാൽ അതുണ്ടായില്ലെന്നും ഭദ്രകീർത്തി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഒക്ടോബർ 25ന് പുലർച്ചെയാണ് ചേരാനല്ലൂരിൽ അപകടമുണ്ടായത്. ഇരിങ്ങാലക്കുടയിൽ അഡീഷണൽ ജില്ലാ ജഡ്ജിയായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെ 17 വയസുള്ള മകൻ ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ ജയബാലകൃഷ്ണന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വഴിയോര ഭക്ഷണശാല നടത്തിയിരുന്ന 55കാരനായ ജയബാലകൃഷ്ണൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ചെലവുകളും വഹിച്ചിരുന്ന ജയബാലകൃഷ്ണന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക വരുമാനമാർഗവും ഇല്ലാതായി.
അപകടത്തിനുശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതികൾക്ക് പൊലീസ് പ്രത്യേക പരിഗണന നൽകിയെന്നും കുടുംബം നേരത്തേ പരാതി ഉന്നയിച്ചിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ജഡ്ജിയും ഭാര്യയും സംഭവസ്ഥലത്തെത്തിയെന്നും കാറിലുണ്ടായിരുന്ന ഔദ്യോഗിക സ്ഥാനപ്പേര് രേഖപ്പെടുത്തിയ ബോർഡ് നീക്കിയെന്നുമാണ് കുടുംബത്തിന്റെ പരാതി. അപകടത്തിനുമുമ്പ് 17കാരൻ അമിതവേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നുവെന്നും പിന്നീട് അവ നീക്കം ചെയ്തെന്നും പരാതിയുണ്ട്. തെളിവുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായസംഹിതയിലെ 238-ാം വകുപ്പും പിന്നീട് കേസിൽ ഉൾപ്പെടുത്തി.
എന്നാൽ മകൻ കാറെടുത്ത വിവരം തനിക്കറിയില്ലായിരുന്നുവെന്നാണ് ജഡ്ജിയുടെ വാദം. താൻ ഉറങ്ങിക്കിടക്കുമ്പോൾ മകൻ രഹസ്യമായി വാഹനം കൊണ്ടുപോയെന്നും അപകടമുണ്ടായശേഷം പുലർച്ചെ 2.14ന് ഫോൺ വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് ജഡ്ജി ഹൈക്കോടതിയിൽ അറിയിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും മണിക്കൂറുകളോളം ചോദ്യംചെയ്യലിന് വിധേയനായിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജഡ്ജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രോസിക്യൂഷനോട് ചോദിച്ചു. അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണെന്നും കോടതി ആരാഞ്ഞു. ജഡ്ജി സ്ഥിരം കുറ്റവാളിയല്ലെന്നും ഒളിവിൽ പോകാനുള്ള സാധ്യതയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ നീതിനിർവഹണത്തിൽ ഇടപെടുകയോ ചെയ്താൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.









0 comments