Deshabhimani

ട്രാഫിക് അച്ചടക്കത്തെ തകർത്തവർക്ക് നിരത്തുകളിൽ ജീവൻ പൊലിയുന്നതിൽ ഉത്തരവാദിത്വമുണ്ട്: പ്രതിപക്ഷ നേതാവ്

Pinarayi Vijayan.jpg

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Nov 04, 2026, 01:56 PM | 2 min read

തിരുവനന്തപുരം: ട്രാഫിക് അച്ചടക്കത്തെ തകർക്കാൻ മുന്നിൽ നിന്നവർക്ക് ഇന്ന് നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി നാടിന്റെ റോഡ് സുരക്ഷയെ ബലികൊടുത്തവർ സ്വയം തിരുത്തുകയും നിയമം നടപ്പാക്കാൻ ആത്മാർത്ഥത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് അമിതവേഗതയിൽ 18 കാരൻ ഓടിച്ച ഒരു കാർ നാട്ടുകാർ അതിസാഹസികമായി പിടിച്ചുനിർത്തിയ വാർത്തയും വീഡിയോയും കഴിഞ്ഞദിവസം കാണാനിടയായി. സംസ്ഥാനത്തെ റോഡുകളിൽ ഇതുപോലുള്ള അരാജകത്വവും മരണപ്പാച്ചിലും ഭീതി പരത്തുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ മാത്രം രണ്ട് ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.


നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച ചെറുപ്പക്കാരൻ മൂന്ന് നിരപരാധികളെ കൊലപ്പെടുത്തിയ ദാരുണമായ സംഭവം, ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അപകടകരമായി വാഹനം ഓടിച്ച് ഒരു പാവപ്പെട്ട തട്ടുകടക്കാരന്റെ ജീവനെടുത്ത ദുരന്തം. അതിന് പിന്നാലെ ഇപ്പോൾ തിരുവല്ലയിൽ യാതൊരു രേഖകളോ ലൈസൻസോ കൂസലോ ഇല്ലാതെ റോഡിലൂടെ മരണപ്പാച്ചിൽ നടത്തിയ മറ്റൊരു ചെറുപ്പക്കാരനെ നാട്ടുകാർ നേരിട്ടിറങ്ങി പിടികൂടേണ്ടി വന്ന സാഹചര്യം. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറുമ്പോൾ, ഇതിന് പിന്നിലെ യഥാർത്ഥ അജണ്ടകളെയും ഉത്തരവാദികളെയും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡപകടങ്ങൾ തടയാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം കൊണ്ടുവരാനും ശക്തമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അപകടകരമായ വെഹിക്കിൾ മോഡിഫിക്കേഷനുകൾ തടഞ്ഞും, എഐ ക്യാമറകൾ സ്ഥാപിച്ചും, വിട്ടുവീഴ്ചയില്ലാത്ത പരിശോധനകൾ ഏർപ്പെടുത്തിയും നിരത്തുകളിൽ ജീവന്റെ വില ഉറപ്പാക്കാനാണ് അന്ന് സർക്കാർ ശ്രമിച്ചത്. എന്നാൽ അന്ന് ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യുഡിഎഫ്.


കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയറൂരിവിട്ട് സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവർ ആഹ്വാനം ചെയ്തു. തങ്ങൾ അധികാരത്തിൽ വന്നാൽ ഇതെല്ലാം എടുത്തുമാറ്റുമെന്ന് പ്രഖ്യാപിച്ച് നിയമലംഘനങ്ങളെയും അച്ചടക്കമില്ലായ്മയെയും രാഷ്ട്രീയമായി പ്രോത്സാഹിപ്പിച്ചവരാണ് ഇക്കൂട്ടർ. അന്ന് റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി തകർത്തെറിഞ്ഞതിന്റെ അനന്തരഫലം കൂടിയാണ് ഇന്ന് തെരുവുകളിൽ കാണുന്ന ഈ ഭീകരാന്തരീക്ഷവും തുടർച്ചയായ ജീവനഷ്ടങ്ങളുമെന്നും ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിച്ചവർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home