അതും മന്ത്രി അറിഞ്ഞില്ല; കൊച്ചി വിമാനത്താവളത്തിനുള്ളിൽ 2 ബാറുകൾക്ക് ലൈസൻസ്

തിരുവനന്തപുരം: എറണാകുളത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെടെ പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതിലെ വിവാദം തീരുംമുമ്പേ സർക്കാരിന് വീണ്ടും ബാർ കുരുക്ക്. കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെർമിനലുകളിൽ 2 ബാറുകൾ തുടങ്ങുന്നതിനാണ് സർക്കാർ എഫ്‌എൽ–7 ലൈസൻസ് അനുവദിച്ചത്. വിവാദമായതോടെ ‘താൻ അറിഞ്ഞില്ല’ എന്ന പതിവ് പല്ലവിയുമായി മന്ത്രി എം ലിജു രംഗത്തെത്തി.
എക്‌സൈസ് കമീഷണൻ സീറാം സാംബശിവ റാവുവാണ് ലൈസൻസ് അനുവദിച്ചതെന്നും അദ്ദേഹത്തോട് വിശദീകരണംതേടിയിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. നിലവിലെ ചട്ടം അനുസരിച്ചാണ് ലൈസൻസ് നൽകിയതെന്നും എല്ലാം സർക്കാരിനെയും മന്ത്രിയേയും അറിയിച്ചിരുന്നുവെന്നുമാണ് എക്‌സൈസ് കമീഷണറുടെ മറുപടി. എക്‌സൈസ് കമീഷണറെ ഉടൻ മാറ്റണമെന്ന് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതുസംബന്ധിച്ച ചോദ്യത്തിന് ‘ദീർഘകാലം ഒരാൾക്ക് എക്‌സൈസ് കമീഷണറായി ഇരിക്കാനാകില്ലല്ലോ, സ്ഥാനക്കയറ്റമൊക്കെ കിട്ടുന്പോൾ അദ്ദേഹത്തിന് മാറേണ്ടിവരില്ലേ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം 5 ബാറുകൾക്കാണ് ഇതുവരെ ലൈസൻസ് നൽകിയത്. ലൈസൻസ് അനുവദിച്ചത് വിവാദമാകുന്പോൾ, കീഴ് ഉദ്യോഗസ്ഥരെ ബലിയാടാക്കി തടിയൂരുകയാണ് സർക്കാർ ചെയ്യുന്നത്. ബിയർ, വൈൻ പാർലറുകളായിരുന്നവയ്‌ക്ക് സ്‌റ്റാർ ഹോട്ടൽ പദവി ലഭിച്ചതോടെ ബാർ ലൈസൻസ് അനുവദിച്ച നടപടികൾ പുനഃപരിശോധിക്കുമെന്നാണ് മന്ത്രി എം ലിജു ഇപ്പോൾ പറയുന്നത്.








0 comments