'ലൈറ്റ് മരിച്ചേ' സെക്രട്ടറിയറ്റ് നടയിൽ നാടകം അവതരിപ്പിച്ച് വിദ്യാർഥികൾ

'ലൈറ്റ് മരിച്ചേ' നാടകം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ
കാലടി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറും കൂട്ടരും വിവാദമാക്കിയ 'ലൈറ്റ് മരിച്ചേ' നാടകം തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിൽ അവതരിപ്പിച്ച് വിദ്യാർഥികൾ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ജയരാജൻ, എം ബി രാജേഷ്, എ എ റഹീം എംപി, ഐ ബി സതീഷ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കവി മുരുകൻ കാട്ടാക്കട, ജി എസ് പ്രദീപ് തുടങ്ങി നാടകം കാണാൻ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലുള്ള നിരവധി പേർ എത്തി.
സർവകലാശാലയിലെ നാടകവിഭാഗം വിദ്യാർഥികൾ, പഠനസൗകര്യങ്ങളുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സംഘടിപ്പിച്ച സർഗാത്മക പ്രതിഷേധ നാടകം, താൽക്കാലിക വിസി സിസ തോമസിന്റെ ശവദാഹമാണ് അവതരിപ്പിച്ചതെന്നാണ് സർവകലാശാലയും വിസിയും പിന്നീട് ഉന്നതവിദ്യാഭ്യാസമന്ത്രിയും പ്രചരിപ്പിച്ചത്. അതിന്റെ മറപിടിച്ചാണ് 16 വിദ്യാർഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.
വ്യാജപ്രചാരണങ്ങളുടെ പേരിലാണ് വിദ്യാർഥികളുടെ ഭാവി നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾ സർവകലാശാല കൈക്കൊണ്ടത്. മാപ്പെഴുതിക്കൊടുത്താൽ തിരിച്ചെടുക്കാമെന്ന തീരുമാനം സ്വീകാര്യമല്ല. അങ്ങനെ തിരിച്ചുകയറാൻ ആഗ്രഹിക്കുന്നില്ല. ജനാധിപത്യപരമായി സമരം ചെയ്തു എന്നല്ലാതെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സമരരംഗത്ത് തുടരുന്ന വിദ്യാർഥികൾ പറഞ്ഞു.








0 comments