Deshabhimani

ഉദ്യോഗസ്ഥമാറ്റം അറിഞ്ഞില്ല; ചുമതല മാറേണ്ടെന്ന് നിർദേശം നൽകി പി കെ കുഞ്ഞാലിക്കുട്ടി

Kunjalikkutty.jpg
വെബ് ഡെസ്ക്

Published on Nov 04, 2026, 02:54 PM | 1 min read

തിരുവനന്തപുരം: വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റുന്നതിൽ വകുപ്പ് മന്ത്രിക്ക് യാതൊരു അറിയിപ്പും നൽകാത്തതിൽ കടുത്ത പ്രതിഷേധവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റിയ വിവരം ഉത്തരവ് വന്നപ്പോഴാണ് മന്ത്രി അറിഞ്ഞത്.


വ്യവസായ വകുപ്പിലെ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റിയതിൽ കടുത്ത നടപടികളുമായി മന്ത്രി രംഗത്ത് വന്നു. സർക്കാരിൽ നിന്ന് തനിക്ക് അറിയിപ്പ് കിട്ടാതെ ചുമതല മാറരുതെന്നും സെക്രെട്ടറി സ്ഥാനത്ത് തുടരാനുമാണ് മുഹമ്മദ് ഹനീഷിന് നിർദേശം നൽകിയിരിക്കുന്നത്.


വ്യവസായ വകുപ്പിന്റെ പുതിയ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഡോ ബീന ചുമതലയേൽക്കാൻ എത്തിയെങ്കിലും മുഹമ്മദ് ഹനീഷ് സ്ഥാനം ഒഴിയാത്തതിനെ തുടർന്ന് ചുമതലയേൽക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു.


ലീഗ് മന്ത്രിമാരുടെ വകുപ്പുകളിലെ ഉൾപ്പെടെ 35-ഓളം വരുന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ചുമതലമാറ്റവും തങ്ങളോട് ആലോചിക്കാതെയാണ് നടത്തിയതെന്ന അതൃപ്തിയും യുഡിഎഫിനുള്ളിൽ പുകയുന്നുണ്ട്. എന്നാൽ ചട്ടവിരുദ്ധമായി ആരെയും സ്ഥലംമാറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം.


അതേസമയം, എക്സൈസ് മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയതും വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. മന്ത്രിമാരെ നോക്കുകുത്തിയാക്കിക്കൊണ്ട് മുഖ്യമന്ത്രി ഏകാധിപത്യപരമായി തീരുമാനമെടുക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് ലീഗ് രംഗത്ത് വന്നിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home