ഡൽഹി കൃഷിഭവനിനുള്ളിലെ പള്ളി പൊളിക്കാൻ കേന്ദ്ര സർക്കാർ

Photo: India Today
ന്യൂഡൽഹി: ഡൽഹിയിലെ കൃഷിഭവനിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഖദീമി മസ്ജിദ് പൊളിക്കണമെന്നാവശ്യവുമായി കേന്ദ്ര സർക്കാർ. നവീകരണത്തിന്റെ പേരു പറഞ്ഞാണ് പള്ളിപൊളിക്കാൻ കേന്ദ്രം നീക്കം നടത്തുന്നത്. ഇതിനെതിരെ പള്ളിക്കമ്മറ്റി ഡൽഹി ഹൈക്കോടതിയിൽ സമീപിച്ചു. കൃഷി ഭവൻ നിലവിൽ വരും മുൻപേ മസ്ജിദ് അവിടെയുണ്ടായിരുന്നുവെന്നും നൂറ്റാണ്ട് പഴക്കമുള്ള പള്ളി സംരക്ഷിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ന്യൂഡൽഹിയിലെ സെൻട്രൽ സെക്രട്ടറിയറ്റിൽ ഡോക്ടർ രാജേന്ദ്ര പ്രസാദ് റോഡിലാണ് കൃഷി ഭവൻ സ്ഥിതി ചെയ്യുന്നത്.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം, നെഹ്റുവിന്റെ കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടത്തിൽ കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമാണ് പ്രവർത്തിച്ചു വരുന്നത്. കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയം, കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് (ഡിഎആർഇ), ഗ്രാമവികസന വകുപ്പ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പള്ളിക്കമ്മറ്റിയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ഹാജരായി. ഖദീമി മസ്ജിദ് ചരിത്രപ്രാധാന്യമുള്ള നിർമിതിയാണെന്നും നൂറുവർഷത്തിലേറെയായി പള്ളി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 1945 മുതലുള്ള വിവിധ ചരിത്രരേഖകൾ ഇതിന് തെളിവാണെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.
1970ൽ ഡൽഹി വഖഫ് ബോർഡ് മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയെ വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണെന്നും പള്ളിയുടെ പഴക്കം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പള്ളികമ്മറ്റി സമർപ്പിച്ച ഹർജിയിൽ പറയുന്നു. കൃഷി ഭവനിലെയും സമീപത്തെ കേന്ദ്രസർക്കാർ ഓഫീസുകളിലെയും ജീവനക്കാർ ദീർഘകാലമായി ഖദീമി മസ്ജിദിൽ പ്രാർഥന നടത്തിവരുന്നതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ജോലിസമയത്ത് പ്രാർഥന നിർവഹിക്കേണ്ട ജീവനക്കാരുടെ സ്ഥിരം ആരാധനാലയം കൂടിയാണ് ഖദീമി മസ്ജിദ്. ഭരണഘടനാപരമായ നിയന്ത്രണങ്ങൾക്ക് വിധേയമായി മതവിശ്വാസം പുലർത്താനും ആചരിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് നിലവിലെ ആവശ്യം.
കമ്മറ്റിയുടെ ഹർജിയിൽ വാദം കേട്ട കോടതി സർക്കാർ ഭൂമിയിൽ പ്രാർഥനയ്ക്ക് ഇടം നൽകരുതെന്ന നിയമമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം നൽകി. കേന്ദ്രസർക്കാരിന്റെ ഭൂമിയിൽ ഏതെങ്കിലും മതത്തിന്റെ ആരാധനാലയം നിലനിർത്തുന്നത് മതനിരപേക്ഷ ആശയത്തിന് വിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. മതഘടന സ്ഥാപിക്കുന്നതോ നിലനിർത്തുന്നതോ ആയ അവകാശം ഉന്നയിക്കാൻ കഴിയില്ല. ഇന്ത്യാ ഗേറ്റിന് രണ്ടുകിലോമീറ്റർ ചുറ്റളവിൽ തന്നെ മറ്റൊരു പള്ളിയുള്ളതിനാൽ ആരാധന അവിടെ നടത്താമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ആയതിനാൽ, കെട്ടിടം പൊളിക്കുന്നതോടൊപ്പം പള്ളിയും പൂർണമായും ഇടിച്ചു നിരത്തണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം. ജസ്റ്റിസ് അനീഷ് ദയാൽ 23ന് വിഷയം പരിഗണിക്കും.








0 comments