സുഡാൻ യുദ്ധം: മൂന്ന് വർഷത്തിനിടെ കാണാതായത് 8,000ത്തിലധികം പേരെ, മരണസംഖ്യ 60,000ത്തിനു മുകളിൽ

സുഡാനിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള ദൃശ്യം. video screenshot from Unreported World
ഖാർത്തൂം : സുഡാനിൽ മൂന്ന് വർഷമായി തുടരുന്ന യുദ്ധത്തിൽ 8,000ത്തിലധികം ആളുകളെ കാണാതായതായി ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയുടെ കണക്കുകൾ. പലരെയും അടക്കം ചെയ്യപ്പെട്ട ഇടങ്ങൾ ഇന്നും അജ്ഞാതമാണ്. മൂന്ന് വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം ആയിരക്കണക്കിന് കുടുംബങ്ങളെ ശിഥിലമാക്കി. പലായനം ചെയ്യുന്നതിനിടെ മാതാപിതാക്കളും കുട്ടികളുമടക്കം പലരും വേർപിരിഞ്ഞു. കുറേപ്പേർ തടങ്കലിലാണെന്നാണ് വിവരം. എന്നാൽ തടവിലാക്കപ്പെട്ടവരുടെ വിവരങ്ങളൊന്നും ലഭ്യമല്ല.
സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്ന റാപ്പിഡ് സപ്പോഴ്ട്ടേഴ്സ് ഫോഴ്സും സുഡാൻ സൈന്യവും തമ്മിൽ 2023 ഏപ്രിലിലാണ് ആഭ്യന്തര യുദ്ധം ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതിനുശേഷം സുഡാനിൽ ഇതുവരെ 60,000 പേർ കൊല്ലപ്പെട്ടുവെന്ന് സ്വതന്ത്ര സംഘർഷ നിരീക്ഷണ സ്ഥാപനമായ ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ പറയുന്നു. യഥാർഥ മരണസംഖ്യ ഇതിസും കൂടുതലായിരിക്കുമെന്നാണ് സഹായ ഗ്രൂപ്പുകൾ പറയുന്നത്. യുദ്ധം 12 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും സുഡാന്റെ ചില ഭാഗങ്ങളെ ക്ഷാമത്തിലേക്ക് തള്ളിവിടുകയും ചെയ്തതായി യുണൈറ്റഡ് നേഷൻസ് വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഡ്രോൺ ആക്രമണങ്ങളിൽ മാത്രം 880 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. യുദ്ധത്തിൽ ലൈംഗിക അതിക്രമങ്ങളും വംശീയ കൊലപാതകങ്ങളും ഉൾപ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
video screenshot from Unreported World
2026 തുടക്കം മുതൽ ആശുപത്രികൾക്കു നേരെയുള്ള ആക്രമണങ്ങളും സുഡാനിൽ വ്യാപകമായി. പ്രധാനമായും ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. നിലവിലെ സിവിലിയൻ മരണങ്ങളിൽ 80 ശതമാനവും ഡ്രോൺ ആക്രമണങ്ങൾ മൂലമാണ് സംഭവിക്കുന്നത്. യുദ്ധം രൂക്ഷമായതോടെ സുഡാന്റെ പല പ്രദേശങ്ങളും കടുത്ത ക്ഷാമത്തിലേക്ക് വീണു. ആക്രമണം തുടരുന്നതിനാൽ പലയിടങ്ങളിലും സഹായം എത്തിക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ വർഷം അർദ്ധസൈനിക വിഭാഗത്തിൽ നിന്ന് തലസ്ഥാനം സുഡാൻ സൈന്യം തിരിച്ചുപിടിച്ചതിനുശേഷം പതിനായിരക്കണക്കിന് മൃതദേഹങ്ങളാണ് ഖാർത്തൂമിൽ കണ്ടെത്തിയത്. കാണാതായവരിൽ പലരും ഇത്തരത്തിൽ അടയാളപ്പെടുത്താത്ത ശവക്കുഴികളിലാണെന്നും കരുതപ്പെടുന്നു. പോരാട്ടം രൂക്ഷമായ സമയത്ത് ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനു പകരം ജനങ്ങൾ ലഭ്യമായ ഇടങ്ങളിലെല്ലാം ശവക്കുഴികൾ കുഴിച്ചതായും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി വ്യക്തമാക്കുന്നു. ഫുട്ബോൾ മൈതാനങ്ങളിലടക്കം ആളുകളെ അടക്കിയതായാണ് വിവരം.
video screenshot from Unreported World
കാണാതായവരുടെ ആയിരത്തിലധികം കേസുകൾ പരിഹരിച്ചതായി ഐസിആർസി പറഞ്ഞു, എന്നാൽ എത്ര പേർ ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചുവെന്നോ ഇപ്പോഴും വ്യക്തമല്ല. കാണാതായവരെപ്പറ്റിയുള്ള അനിശ്ചിതത്വം അവരുടെ പ്രിയപ്പെട്ടവർക്ക് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും സുഡാനിൽ ഇത്തരം കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു.
സുഡാനിലെ നിലവിലെ സാഹചര്യത്തിൽ ആളുകളെ ജീവനോടെയോ മരിച്ച നിലയിലോ കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. യുദ്ധത്തിൽ ഡിഎൻഎ പരിശോധന നടത്തുന്ന ലാബുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഫോറൻസിക് വിദഗ്ധരുടെ എണ്ണം സുഡാനിൽ വളരെ കുറവാണ്.
video screenshot
ഖാർത്തൂമിൽ ആർഎസ്‌എഫ് പ്രദേശം നിയന്ത്രിച്ചിരുന്നപ്പോൾ വീടുകൾക്ക് സമീപവും സ്‌പോർട്‌സ് മൈതാനങ്ങളിലും, റോഡരികിലുമടക്കം കുഴിച്ചിട്ടിരുന്ന 50,000 ത്തോളം മൃതദേഹങ്ങളിൽ 30,000 ത്തോളം മൃതദേഹങ്ങൾ അധികൃതർ മാറ്റി. മൃതദേഹങ്ങളിൽ ഏകദേശം 10 ശതമാനം തിരിച്ചറിയാൻ കഴിയാത്തവയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്നുള്ള ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്ന് ഖാർത്തൂം സംസ്ഥാനത്തെ ഫോറൻസിക് മെഡിസിൻ വകുപ്പ് ഡയറക്ടർ ജനറൽ ഹിഷാം സിയീനലാബ്ദീൻ പറഞ്ഞു.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകാത്തതിനാൽ സുഡാനിലെ ഭൂരിഭാഗം പേർക്കും മതാചാര പ്രകാരം ബന്ധുക്കളുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.










0 comments