സുഡാൻ ആഭ്യന്തരയുദ്ധം : 460 പേരെ കൊന്നൊടുക്കി; കൂട്ടക്കൊല തുടർന്ന് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്).എൽ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ഇവരുടെ നിഷ്ഠുരതയ്ക്കിരയായത്. മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ഇവർ. രാജ്യത്തിന്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്ത ആർഎസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്.
നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ മനുഷ്യരെ കശാപ്പ് ചെയ്യുന്ന ഇടങ്ങളായി മാറിയെന്ന് സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്എസ്ഡിഎൻ പറഞ്ഞു . ക്രൂരതയെ ലോകാരോഗ്യസംഘടന (WHO) അപലപിക്കുകയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ ആർഎസ്എഫ് തട്ടിക്കൊണ്ടുപോയതായും, ഇവരെ വിട്ടയക്കാൻ ഒന്നരലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്.
സുഡാൻ സൈന്യവുമായുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രിൽമാസം മുതൽക്കേ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആർഎസ്എഫും അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യംവെക്കുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത് നിഷേധിക്കുന്ന നിലപാടായിരുന്നു ആർഎസ്എഫിന്റേത്. എൽ ഫാഷർ ആർഎസ്എഫിന്റെ പിടിയിലായതിന് പിന്നാലെ അറബ് ഇതര വിഭാഗക്കാർ ഉൾപ്പെടെയുള്ള രണ്ടരലക്ഷത്തിലധികം ആളുകൾ നഗരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയും മറ്റ് സന്നദ്ധ സംഘടനകളും വിലയിരുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയതും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള യാഥാർഥ്യം അറിയുന്നതിന് തടസ്സമായിട്ടുണ്ട്.
ഡർഫർ, സമീപപ്രദേശമായ കോർദോഫാൻ എന്നിവിടങ്ങൾ ആർഎസ്എഫ് ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. രാജ്യതലസ്ഥാനമായ ഖാർത്തൂം, മധ്യ-കിഴക്കൻ പ്രദേശങ്ങൾ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.










0 comments