ad
Deshabhimani

സുഡാനിൽ 
വ്യോമാക്രമണം

SUDAN NEWS
വെബ് ഡെസ്ക്

Published on Nov 05, 2025, 12:15 AM | 1 min read

ഖാര്‍ത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ വടക്കൻ കോർദോഫാൻ തലസ്ഥാനമായ എൽ ഒബെയ്ദിൽ സംസ്‌കാരച്ചടങ്ങിനുനേരെ നടന്ന വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിനുനേരെയാണ്‌ ആക്രമണം നടന്നത്‌. നിരവധി പേർക്ക്‌ പരിക്കേറ്റു.

സുഡാന്‍ സൈന്യവും ആർഎസ്എഫും തമ്മിലുള്ള ഏറ്റുമുട്ടലിന്‌ പിന്നാലെ കോർദോഫാൻ പ്രവിശ്യയിൽനിന്ന്‌ അര ലക്ഷത്തോളം പേർ പലായനംചെയ്‌തു. നേരത്തെ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന എൽ ഫാഷർ ആർഎസ്‌എഫ്‌ പിടിച്ചെടുത്തതോടെയാണ്‌ ആക്രമണം വർധിച്ചത്‌. ഒക്‌ടോബര്‍ 26നും 31നും ഇടയില്‍ വടക്കൻ കോര്‍ദോഫാനിലെ അഞ്ച് പ്രദേശങ്ങളില്‍നിന്ന് 36,825 പേര്‍ പലായനം ചെയ്‌തതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

എൽ ഫാഷറിന്‌ പടിഞ്ഞാറുള്ള തവിലയിലേക്കാണ്‌ കൂടുതൽ പേരും പലായനം ചെയ്‌തത്‌. ആർഎസ്‌എഫ്‌ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. സുഡാൻ സൈന്യത്തിന്റെ ആറാം ഡിവിഷന്‍ ആസ്ഥാനവും 157-–ാം ആര്‍ട്ടിലറി ബ്രിഗേഡും ഉള്‍പ്പെടെ എല്‍ ഫാഷറിലെ പ്രധാന സൈനികകേന്ദ്രങ്ങള്‍ ആര്‍എസ്എഫ് പിടിച്ചടക്കി. പ്രദേശത്തുനിന്ന്‌ രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗ്രാമീണരെ സൈന്യം വെടിവച്ചിടുന്നതായും റിപ്പോർട്ടുണ്ട്‌.


അന്താരാഷ്‌ട്ര സമൂഹം ഇടപെടണം: 
സുഡാനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി


ഖാർത്തൂം: സുഡാനിൽ കൂട്ടക്കൊലയ്‌ക്ക്‌ അറുതിവരുത്താനും സംഘർഷ മേഖലയിൽ സഹായങ്ങൾ എത്തിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന്‌ സുഡാനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (എസ്‌സിപി) പൊളിറ്റിക്കൽ ബ്യൂറോ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

എൽ ഫാഷർ, ബാര നഗരങ്ങളിലും കോർദോഫാൻ, ഡാർഫർ പ്രദേശങ്ങളിലും സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതിനെ പാർടി അപലപിച്ചു. സർക്കാർ സൈന്യം പിൻവാങ്ങുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും വിമതസേന ശക്തമായ ആക്രമണം നടത്തുകയാണ്‌. മേഖലയിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്താരാഷ്‌ട്ര അന്വേഷണം നടത്തണം. കുറ്റകൃത്യങ്ങൾ നടത്തിയവരെയും നേതൃത്വം നൽകിയവരെയും നിയമത്തിനു മുന്നിൽക്കൊണ്ടുവരണം. സുഡാനെ ദുർബലമാക്കാനും വിഭവങ്ങൾ കൈയടക്കാനുമുള്ള സാമ്രാജ്യത്വ ഇത്തിൾക്കണ്ണികളുടെ ഇടപെടലാണ്‌ സംഘർഷം രൂക്ഷമാക്കുന്നതെന്നും പാർടി അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home