പക്ഷാഘാതവും ഹൃദയാഘാതവും; മാർപ്പാപ്പയുടെ മരണകാരണം സ്ഥിരീകരിച്ച് വത്തിക്കാൻ

Vatican News facebook.com/photo
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ട് വത്തിക്കാൻ. പക്ഷാഘാതത്താൽ പാപ്പാ കോമ സ്ഥിതിയിലായെന്നും തുടർന്നുണ്ടായ ഹൃദയധമനികളിലെ തകർച്ചയുമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞതായി വത്തിക്കാൻ അറിയിച്ചു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഡോ. ആൻഡ്രിയ അർക്കാൻജെലി മരണകാരണം സംബന്ധിച്ച ഔദ്യോഗിക സർട്ടിഫിക്കേഷൻ നൽകി. തിങ്കളാഴ്ച വൈകുന്നേരം ഹോളി സീ പ്രസ് ഓഫീസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ വിടവാങ്ങിയത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായ ഫ്രാൻസിസ് ഈയിടെ ആശുപത്രിവാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ചുവരികയായിരുന്നു.









0 comments