തുർക്കിയിൽ കുടുങ്ങിയത് 40 മണിക്കൂറിലധികം: വിർജിൻ അറ്റ്ലാന്റിക് വിമാനം രാത്രിയോടെ മുംബൈയിലെത്തും

അങ്കാറ : 40 മണിക്കൂറിലധികം തുർക്കി വിമാനത്താവളത്തിൽ കുടുങ്ങിയതിനുശേഷം വിർജിൻ അറ്റ്ലാന്റിക് വിമാനം ഇന്ന് മുംബൈയിലെത്തും. തുർക്കിയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് രാത്രി 8.50ഓടെ മുംബൈയിലെത്തുമെന്നാണ് വിവരം. വിർജിൻ അറ്റ്ലാന്റിക്കിന്റെ VS1358 വിമാനമാണ് തുർക്കിയിൽ അടിയന്തരമായി ഇറക്കിയത്. ലണ്ടനിലെ ഹീത്രൂവിൽ നിന്ന് മുംബൈയിലേക്കുള്ളതായിരുന്നു വിമാനം. 250 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ബുധനാഴ്ചയാണ് ഏപ്രിൽ 2-ന് മെഡിക്കൽ എമർജൻസി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിമാനം തുർക്കിയിലെ ദിയാർബകിർ വിമാനത്താവളത്തിൽ ഇറക്കിയത്. തുടർന്ന് വിമാനത്തിന് സാങ്കേതിക തടസങ്ങളുണ്ടായി. ഏകദേശം 42 മണിക്കൂറോളം യാത്രക്കാർ തുർക്കി വിമാനത്താവളത്തിൽ കുടുങ്ങി. ഇവർക്ക് മതിയായ താമസവും സൗകര്യങ്ങളും ലഭ്യമാക്കിയെന്ന് എയർലൈൻ വക്താവ് അറിയിച്ചെങ്കിലും സൗകര്യങ്ങളൊന്നും ലഭിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിമാനത്താവളത്തിൽ തറയിലാണ് എല്ലാവരും കഴിഞ്ഞതെന്നും പുതപ്പുകൾ ലഭ്യമാക്കിയില്ലെന്നും വെജിറ്റേറിയൻ ഭക്ഷണം ലഭ്യമാക്കിയില്ലെന്നും യാത്രക്കാരിലൊരാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ശുചിമുറി മാത്രമേ ലഭ്യമായിട്ടുള്ളുവെന്നും യാത്രക്കാർ പരാതിപ്പെട്ടു.
തെക്ക്-കിഴക്കൻ തുർക്കിയിലെ ഒരു ചെറിയ സൈനിക വിമാനത്താവളമാണ് ദിയാർബക്കിർ വിമാനത്താവളം. പരിമിതമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറംലോകത്തെ അറിയിച്ചതോടെയാണ് ചർച്ചയായത്. വ്യാഴാഴ്ച പുലർച്ചെ 1.40 ന് വിമാനം മുംബൈയിലെത്തേണ്ടതായിരുന്നു.








0 comments