23.5 കോടിയുടെ അഴിമതി; മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്യും

അർജുന രണതുംഗ
കൊളംബോ: പെട്രോളിയം മന്ത്രിയായിരിക്കെ വൻ അഴിമതി നടത്തിയ കേസിൽ ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയെ അറസ്റ്റ് ചെയ്യും. അറസ്റ്റ് ഉടനുണ്ടാകുമെന്ന് അഴിമതി വിരുദ്ധ ഏജൻസി തിങ്കളാഴ്ച കോടതിയെ അറിയിച്ചു.
ദീർഘകാല എണ്ണ സംഭരണ കരാറുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ രണതുംഗയും അദ്ദേഹത്തിന്റെ സഹോദരനും മാറ്റം വരുത്തിയെന്നും, ഉയർന്ന വിലയ്ക്ക് സ്പോട്ട് പർച്ചേസുകൾ നടത്തിയെന്നുമാണ് കേസ്. 2017-ൽ ഇടപാടുകൾ നടത്തിയ സമയത്ത്, 27 പർച്ചേസുകളിൽ നിന്നായി സർക്കാരിന് ഉണ്ടായ മൊത്തം നഷ്ടം 800 മില്യൺ ശ്രീലങ്കൻ രൂപയാണ് (ഏകദേശം 23.5 കോടി രൂപ), എന്ന് അഴിമതി വിരുദ്ധ ഏജൻസി അറിയിച്ചു. അർജുന രണതുംഗ നിലവിൽ വിദേശത്താണ്. തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്യാനാണ് നീക്കം.
കേസുമായി ബന്ധപ്പെട്ട് അർജുന രണതുംഗയുടെ സഹോദരനും, അക്കാലത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപ്പറേഷൻ (CPC) ചെയർമാനുമായിരുന്ന ധമ്മിത രണതുംഗയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ശ്രീലങ്കൻ-യുഎസ് ഇരട്ട പൗരത്വമുള്ള ധമ്മിതയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം മാർച്ച് 13നാണ്. രണതുംഗയുടെ മറ്റൊരു സഹോദരനും മുൻ ടൂറിസം മന്ത്രിയുമായ പ്രസന്ന രണതുംഗയെ ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുകയാണ്.
ഇടംകൈയ്യൻ ബാറ്ററായിരുന്ന 62-കാരനായ അർജുന രണതുംഗ ക്യാപ്റ്റനായിരിക്കെയാണ് ശ്രീലങ്ക 1996-ൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്.
കഴിഞ്ഞ വർഷം അധികാരത്തിലെത്തിയ അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ പ്രധാനപ്പെട്ടതാണ് രണതുംഗ സഹോദരന്മാർക്കെതിരായ കേസ്.










0 comments